സക്കീര്‍ ഹുസൈന്‍ കുടകില്‍; മുന്‍കൂര്‍ ജാമ്യം തേടി

Sunday 30 October 2016 12:26 am IST

കൊച്ചി: അറസ്റ്റ് ഭയന്ന് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടു. കുടകിലേക്ക് കടന്നതായാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന ഭയമാണ് കാരണം. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ശ്രമം തുടങ്ങി. സക്കീര്‍ വിദേശത്തേക്ക് കടന്നേക്കുമെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം തുടങ്ങി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി സിപിഎം ഓഫീസില്‍ വച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഒന്നാംപ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി കറുകപ്പള്ളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് സക്കീര്‍ കണ്ണൂരിലേക്ക് കടന്നത്. ജില്ലയിലെ പ്രമുഖ നേതാവാണ് സക്കീറിന് പാര്‍ട്ടി ഗ്രാമത്തില്‍ ഒളിത്താവളം ഒരുക്കിയത്. ഇതിനിടെ സക്കീര്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ ബിനാമിയെന്നാരോപണം ബലപ്പെടുന്നു. രണ്ടു വര്‍ഷമായി പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്ന ആക്ഷേപമാണിത്. സക്കീറിന്റെ അറസ്റ്റ് അനിവാര്യമാകുന്നതോടെ രാജീവിന്റെ നിലനില്‍പ്പ് പരുങ്ങലിലാകും. പിണറായി പക്ഷവും വിഎസ് പക്ഷവും കൂടെയില്ലാത്ത രാജീവിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഏക തുണ. സക്കീര്‍ ഹുസൈന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജീവിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സക്കീര്‍ ഹുസൈനെ അനുകൂലിക്കുന്ന നിലപാടായിരുന്നു രാജീവിന്റേത്. സക്കീറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ഒരുവിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്. കോടിയേരിയുടെ സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റ് യോഗം വീണ്ടും ചേരാമെന്ന നിലപാടായിരുന്നു രാജീവിന്. പിണറായിപക്ഷക്കാരനായിരുന്നു രാജീവ്. സെക്രട്ടറിയായി തെരഞ്ഞെടുത്ത് രണ്ടു മാസം പിന്നിട്ടപ്പോള്‍ രാജീവ് പിണറായിയുമായി അകന്നു. പിണറായിയുടെ 'പരനാറി' പ്രയോഗത്തിനെതിരെ പ്രസംഗിച്ചതാണ് വിനയായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍നിന്ന് രാജീവിനെ മത്സരിപ്പിക്കാന്‍ ഒരുവിഭാഗം ശ്രമിച്ചു. പിണറായിയുമായുളള അകല്‍ച്ച രാജീവിന് തടസമായി. ഇടക്കാലത്ത് രാജീവിനെ മാറ്റി സി.എന്‍. മോഹനനെ സെക്രട്ടറിയാക്കാനുള്ള നീക്കം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.