ധനകാര്യ സ്ഥാപനത്തിലെ കവര്‍ച്ച; പഴുതടച്ച അന്വേഷണവുമായി പോലീസ്

Sunday 30 October 2016 12:01 pm IST

കൊട്ടാരക്കര: ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപ ലോക്കര്‍ ഉള്‍പ്പെടെ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. സ്ഥാപനത്തിന്റെ മാനേജര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഇന്നലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഇവരുടെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചുവരുന്നുണ്ട്. സമീപത്തെ മാര്‍ജിന്‍ഫ്രീ സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ സൈബര്‍സെല്‍ പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നും മൂന്നുപേരാണ് മോഷണത്തിനെത്തിയതെന്ന് പോലീസിന് മനസിലായിട്ടുണ്ട്. ഇതില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ക്ക് വ്യക്തത വന്നിട്ടില്ല. ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ധര്‍ പരിശോധിക്കും. കൊട്ടാരക്കര പോലീസ് റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി തെഫ്‌സ് സ്‌ക്വാഡും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് 42 ലക്ഷം രൂപ സൂക്ഷിച്ചത് എന്ന നടത്തിപ്പുകാരുടെ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇത്രയും തുക ഇവര്‍ പിന്‍വലിച്ച ന്യൂ ജനറേഷന്‍ ബാങ്കില്‍ പോലീസ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സഹായത്തോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ അനുമാനം. മുന്‍പരിചയമുള്ളതുപോലെയാണ് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളതും കവര്‍ച്ച നടത്തിയിട്ടുള്ളതും. സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടറുക്കുവാന്‍ ആക്‌സോബ്ലെയ്ഡ് ആണ് ഉപയോഗിച്ചിട്ടുള്ളത്. പൂട്ടിന് ബലം കുറവാണെന്ന് മോഷ്ടാക്കള്‍ നേരത്തേ മനസിലാക്കിയിരിക്കാം. അനായാസം മോഷണം നടത്താനുള്ള സാഹചര്യമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. സുരക്ഷാ കാമറയോ സുരക്ഷാ ഉദ്യോഗസ്ഥരോ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ ധനകാര്യ സ്ഥാപനത്തിന്റേയും ഇവരുടെ മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേയും ഇവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. മോഷണം നടന്ന രാത്രി എട്ടുവരെ ഇവിടെ ജീവനക്കാര്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിനും ഡിവൈഎസ്പി, സിഐ ഓഫീസുകള്‍ക്കും കൊട്ടാരക്കര പോലീസ്‌സ്റ്റേഷനും 100 മീറ്റര്‍ ഉള്ളിലാണ് കവര്‍ച്ച നടന്ന സ്വകാര്യ ധനകാര്യസ്ഥാപനം. എപ്പോഴും പോലീസ് സമീപ്യമുള്ള സ്ഥലമാണ് കൊട്ടാരക്കര ടൗണ്‍. ഇവിടെ അനായാസം കവര്‍ച്ച നടന്നത് പോലീസ് സേനയെ ഞെട്ടിച്ചിട്ടുണ്ട്. താമസിയാതെ പ്രതികള്‍ വലയിലാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. വ്യാഴാഴ്ച രാത്രി രണ്ടരയോടെയാണ് കവര്‍ച്ച നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.