വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിസംഘങ്ങള്‍ സജീവം

Sunday 30 October 2016 7:18 pm IST

പൂച്ചാക്കല്‍: പാണാവള്ളി, അരുക്കൂറ്റി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് കഞ്ചാവ്, ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നത്. വിദ്യാര്‍ത്ഥികളടങ്ങിയ സംഘങ്ങളെ ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം. കഞ്ചാവ് വില്‍പ്പനയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടുന്നതിനാല്‍ പോലീസും നടപടിയെടുക്കാന്‍ മടികാണിക്കുന്നു. പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളുംഅരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി തുടങ്ങിയ പ്രദേശങ്ങളിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. കഴിഞ്ഞ ദിവസവും കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ടുപേരെ വടുതലയില്‍ നിന്ന് പൂച്ചാക്കല്‍ പൊലീസ് പിടികൂടിയിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് 11 ാംവാര്‍ഡ് നാങ്ങനാട്ട് വീട്ടില്‍ ബിന്‍ഷാദ്( 18), ഏഴാംവാര്‍ഡില്‍ കുന്നുംപറമ്പില്‍ അജ്മല്‍ (20) എന്നിവരെയാണ് പിടികൂടിയത്. ഒരുമാസം മുന്‍പ് പാണാവള്ളി മുട്ടത്തുകടവില്‍ കഞ്ചാവുമായി എത്തിയ നാല്‍പ്പത്തെണ്ണീശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയികുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവു വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞദിവസം രാത്രി മുട്ടത്തുകടവില്‍ തൃക്കാര്‍ത്തികപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് മൂവ്വായിരത്തോളം രൂപ മോഷ്ടിച്ചു. ഇതിനു പിന്നിലും കഞ്ചാവ് സംഘങ്ങളാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. നേരത്തെ ബൈക്കില്‍ മുട്ടത്തുകടവ് പ്രദേശത്ത് കഞ്ചാവ് സംഘത്തെ പോലീസ് പിന്‍തുടര്‍ന്നെങ്കിലും പോലിസുകാരുടെ ബൈക്ക് സൈക്കിള്‍ യാത്രക്കാരനുമായി കൂട്ടിയിടിച്ചതോടെ സമയം കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് പിടികൂടുന്ന കഞ്ചാവ് സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതാണ് പൊലീസിനെയും കുഴപ്പിക്കുന്നത്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പിടികൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.