നെല്ലു സംഭരിക്കാതെ കെട്ടിക്കിടക്കുന്നു

Sunday 30 October 2016 7:26 pm IST

ആലപ്പുഴ: നെല്ലു സംഭരിക്കാതെ കെട്ടിക്കിടക്കുന്നു, കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. പുറക്കാട് പാടശേഖരങ്ങളായ ഇല്ലിച്ചിറ തെക്ക്, കൃഷിത്തോട്ടം, നാലു ചിറപടിഞ്ഞാറ്, കിഴക്ക് പാടശേഖരങ്ങളിലാണ് മുന്നൂറോളം ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 20 കിലോ കുറവ് ചെയ്താല്‍ മാത്രമേ തങ്ങള്‍ നെല്ല് സംഭരിക്കുകയുള്ളുയെന്നാണ് സിവില്‍ സപ്ലെസ് വകുപ്പുമായി ബന്ധപ്പെട്ട മില്ലുടമകള്‍ പറയുന്നത്. ഇതെത്തുടര്‍ന്ന് പത്തുദിവസമായി കെട്ടികിടക്കുന്ന നെല്ല് എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. പണ്ടങ്ങള്‍ പണയപ്പെടുത്തിയും പണം കടവായ്പ്പകള്‍ വാങ്ങിയുമാണ് കര്‍ഷകര്‍ വിളവിറക്കിയത്. കൃഷിത്തോട്ടത്തിലെ 210 ഏക്കര്‍ നെല്ലും ഇല്ലിച്ചിറ തെക്ക് പാടശേഖരത്തിലെ 175 ഹെക്ടറിലെ നെല്ലും നാലുചിറ പടിഞ്ഞാറ് കിഴക്ക് ഭാഗങ്ങളിലെ 400 ഏക്കര്‍ പാടത്തെ നെല്ലുമാണ് ഇവിടെ കെട്ടികിടക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 ദിവങ്ങള്‍ക്കുള്ളില്‍ മൂന്ന് മന്ത്രിമാര്‍ ഈ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും നെല്ല് സംഭരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്‌തെങ്കിലും ഈ വാക്ക് പാഴായി മാറുകയായിരുന്നു. എന്നാല്‍ മില്ലുടമകളെ സഹായിക്കാനായി സിവില്‍ സപ്ലെസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന്റെ പിന്നിലെന്ന് പാടശേഖര കമ്മറ്റികള്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാടശേഖര സമിതിയുടെ യോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗം തീരുമാനം ആകാതെ പിരിയുകയാണെങ്കില്‍ നെല്ലുമായി ദേശീയ പാത ഉപരോധിക്കാനാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.