തലമുറമാറ്റത്തിന്റെ പ്രശ്‌നങ്ങള്‍

Monday 31 October 2016 10:55 am IST

ഏതാണ്ട് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് എന്ന ഭാരത വ്യവസായ സ്ഥാപനം ഇന്ന് പടര്‍ന്ന് പന്തലിച്ച ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര സ്ഥാപനമാണ്. ഇപ്പോള്‍, 2016 ഒക്ടോബര്‍ 24 അതിന്റെ ചരിത്രത്തിലെ എറ്റവും കറുത്ത അക്കമായി മാറുമോ എന്ന് പലരും ഭയക്കുന്നു. ഏഴര പതിറ്റാണ്ടിലധികം നീണ്ട ടാറ്റ-മിസ്ട്രി വ്യവസായ കുടുംബങ്ങളുടെ പരസ്പര വിശ്വാസം ടാറ്റ സണ്‍സ് ബോര്‍ഡ് അദ്ധ്യക്ഷനായ സൈറസ് മിസ്ട്രിയെ പുറത്താക്കിയതോടെ അവസാനിക്കുമോ? കുറ്റങ്ങളും കുറവുകളും പുറംലോകമറിയാതെ ഒതുക്കിനിര്‍ത്താന്‍ രത്തന്‍ ടാറ്റയും നിതിന്‍ നെറ്ഹിയയെപ്പോലുള്ള ടാറ്റ സണ്‍സ് ഡയറക്ടറും പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാജിവക്കില്ലെന്ന സൈറസിന്റെ വാശിയായിരിക്കാം കാരണം. ടാറ്റ ഗ്രൂപ്പിനകത്ത് 60 ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കന്നുണ്ട്. പലതും ആഗോളവ്യവസായ രംഗത്ത് അറിയപ്പെടുന്നവയാണ്. എല്ലാ കമ്പനികളുടെയും നിയന്ത്രണം ഓഹരി ഉടമസ്ഥാവകാശത്തിന്റെ ഘടന അനുസരിച്ച് ടാറ്റ സണ്‍സ് എന്ന കമ്പനിയുടെ കീഴിലും. ടാറ്റ സണ്‍സിന്റെ ഏതാണ്ട് 67 ശതമാനം ഓഹരിയും ടാറ്റ ട്രസ്റ്റ് എന്ന ടാറ്റ കുടുംബ ട്രസ്റ്റിന്റെ കൈയിലിരിക്കുമ്പോള്‍ 18.4 ശതമാനം ഷാപൂര്‍ജി പല്ലണ്‍ജി മിസ്ട്രി എന്ന സ്വകാര്യ ഐറിഷ്-ഭാരത കെട്ടിട നിര്‍മ്മാണ കമ്പനിയുടെ കൈയിലാണ്. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ് രത്തന്‍ ടാറ്റ 65 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ടാറ്റ സണ്‍സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ ആ സ്ഥാനത്ത് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഐറിഷ് പൗരത്വമുള്ള സൈറസ് മിസ്ട്രി എന്ന 44 കാരന്‍ അവരോധിക്കപ്പെട്ടു. ടാറ്റ സണ്‍സിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ സൈറസ് തന്റെ അച്ഛന്‍ സ്ഥാപിച്ച ഷാപൂര്‍ജി പല്ലണ്‍ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ''രത്തന്‍ ടാറ്റയും, ലോര്‍ഡ് കുമാര്‍ ഭട്ടാചാര്യയും ടാറ്റ സണ്‍സിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ബഹുമാനപൂര്‍വ്വം അത് നിഷേധിച്ചതാണ്. അന്ന് ഞാന്‍ നടത്തിക്കൊണ്ടിരുന്ന എന്റെ കമ്പനിയുടെ വികസനത്തില്‍ പൂര്‍ണ തൃപ്തനായിരുന്നു,'' പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ക്ക് സൈറസ് എഴുതി. ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബെയിലെ ഫോര്‍ട്ട് മേഖലയില്‍ ഇന്നും യശസ്സുയര്‍ത്തി നില്‍ക്കുന്ന ഭാരതീയ റിസര്‍വ് ബാങ്ക്, ഭാരതീയ സ്‌റ്റേറ്റ് ബേങ്ക് എന്നീ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങള്‍ക്ക് പുറമേ ഒട്ടനവധി വിദേശബാങ്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ഷാപൂര്‍ജി പല്ലണ്‍ജി ഗ്രൂപ്പാണ്. കെട്ടിടനിര്‍മാണ രംഗത്ത് ഇന്നും പ്രശസ്തരാണ് ഈ സ്ഥാപനം. സൈറസ്സിന്റെ മുത്തച്ഛന്‍ 1930 ല്‍ ടാറ്റ സണ്‍സ്സിലെ 18.4 ശതമാനം ഓഹരി വാങ്ങിയതോടെ മിസ്ട്രി കുടുംബം ടാറ്റ പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തി പ്പോരുന്നു. ടാറ്റ ട്രസ്റ്റ് കഴിഞ്ഞാല്‍ ടാറ്റ സണ്‍സ്സിലെ എറ്റവും വലിയ ഓഹരി ഉടമ സൈറസിന്റെ അച്ഛന്‍ പല്ലണ്‍ജി മിസ്ട്രിയാണ്. സൈറസ് പേരിലെങ്കിലും ടാറ്റ കുടുംബത്തിന്ന് പുറത്തുനിന്നുവന്ന വ്യക്തിയാണെന്ന് പറയുമ്പോഴും അദ്ദേഹത്തിന്ന് ടാറ്റ കുടുംബവുമായി ബന്ധം നിലവിലുണ്ട്. സൈറസിന്റെ സഹോദരീ ഭര്‍ത്താവ് നൊയ്ല്‍ ടാറ്റയും, രത്തന്‍ ടാറ്റയും സഹോദരങ്ങളാണ്. അച്ഛന്‍ ഒന്ന്, അമ്മ രണ്ട് എന്നുമാത്രം. സൈറസ് ടാറ്റ സണ്‍സിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്‍പ് നൊയ്ല്‍ ടാറ്റയാകും രത്തന്റെ പിന്‍ഗാമിയെന്ന് പലരും കരുതിയിരുന്നു. പക്ഷെ അദ്ദേഹം രത്തന്‍ ടാറ്റ തുടങ്ങിയ പല ദൗത്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുമോ എന്ന് ഭയന്ന് മാറിനില്‍ക്കാനാണ് താല്‍പര്യം കാണിച്ചത്. വര്‍ഷം അഞ്ച് കടന്നുപോകുമ്പോഴേക്കും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. സൈറസിന്റെ 'വര്‍ഷം 2025' എന്ന പദ്ധതി രത്തന്‍ ടാറ്റക്കും മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും അസ്വീകാര്യമായിരുന്നു. ടാറ്റ കമ്പനികളില്‍നിന്നുള്ള ലാഭവിഹിതം കുറയുമ്പോള്‍ ടാറ്റ ട്രസ്റ്റിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനം പുതിയ ഭീഷിണികളെ നേരിടുമോ എന്ന് സ്വഭാവികമായും രത്തന്‍ ടാറ്റ ഭയക്കുന്നു. മാസങ്ങളായി എല്ലാം സഹിച്ചു. കുടുംബ ബന്ധങ്ങളുടെ പേരില്‍ വൈകാരികമായി ബന്ധമുള്ള കച്ചവടം നിര്‍ത്താന്‍ രത്തന്‍ ടാറ്റ അനുവദിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ബന്ധങ്ങളും പരസ്പര ബഹുമാനങ്ങളും ഇനി 'ബോംബെ ഹൗസില്‍' ചരിത്രമായി മാറുമോ? ചരിത്രമായി മാറുമെന്ന് തന്നെയാണ് സൂചനകള്‍. എഴുത്ത് യുദ്ധം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇരുപക്ഷത്തും ഉന്നതരായ നിയമജ്ഞന്‍മാര്‍ മുഖാമുഖം യുദ്ധത്തിന് തയ്യാറായി എന്നുതന്നെ പറയാം. പഴയ ബോര്‍ഡ് അധ്യക്ഷനും ഇപ്പോഴെത്തെ താത്കാലിക അധ്യക്ഷനുമായ രത്തന്‍ ടാറ്റയുടെ സ്വപ്‌ന സാഫല്യമാണ് ടാറ്റ എന്ന പ്രസ്ഥാനത്തിന്ന് ആഗോള രൂപം നല്‍കിയത്. രണ്ടായിരത്തില്‍ 407 ദശലക്ഷം ഡോളര്‍ നല്‍കി ടെറ്റ്‌ലി എന്ന 40 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന തേയില കാപ്പി നിര്‍മ്മാണവിതരണ രംഗത്തെ കൂറ്റന്‍ ബ്രിട്ടീഷ് കമ്പനിയെ വാങ്ങിയതോടെയാണ് ടാറ്റ ബഹുരാഷ്ട സ്വഭാവം നേടി എടുക്കുന്നത്. അതില്‍ എല്ലാ ഭാരതീയനും അഭിമാനിക്കുകയും ചെയ്തു. പിന്നീട് ഒരു പതിറ്റാണ്ടിനിടെ ഇരുപതിലേറെ കമ്പനികള്‍ സഹസ്രകോടികള്‍ മുടക്കി പാശ്ചാത്യ വിപണിയില്‍നിന്ന് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഏറ്റെടുത്തു, അവയില്‍ പലതും ആഗോള വിപണിയിലെ ശക്തരും, ദുര്‍നടപ്പിന്റെ ഫലമായി തകര്‍ന്നവയുമായിരുന്നു. കൊറിയയിലെ തകര്‍ന്ന ഓട്ടോമൊബൈല്‍ ഭീമന്‍ ടെറ്റ്‌ലിയുവിന്റെ ട്രക്ക് നിര്‍മ്മാണ വിഭാഗം 2004 മാര്‍ച്ച് മാസം 107 ദശലക്ഷം ഡോളര്‍ മുടക്കി വാങ്ങിയതും, അതേവര്‍ഷം ആഗസ്ത് മാസം 292 ദശലക്ഷം മുടക്കി സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാറ്റ് സ്റ്റീല്‍ എന്ന കമ്പനിയുടെ ഉരുക്ക് വ്യവസായം വാങ്ങിയതും, 2007 ജനവരിയില്‍ യൂറോപ്പിലെ തകര്‍ന്ന ഉരുക്ക് ഭീമന്‍ കോറസ്സിനെ 12 ബില്ല്യണ്‍ ഡോളറിന് വാങ്ങി ടാറ്റ സ്റ്റീല്‍ യൂറോപ്പ് എന്ന പേര് മാറ്റുകയും, ജാഗ്വാര്‍ ആന്റ് ലാന്റ് റോവര്‍ (ജെഎല്‍ആര്‍) എന്ന ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയെ 2.36 ബില്ല്യണ്‍ ഡോളറിന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡില്‍നിന്ന് വാങ്ങുകയും ചെയ്തതോടെ ടാറ്റ എന്ന ഭാരതവ്യവസായ സ്ഥാപനത്തിന് അത്ഭുതങ്ങള്‍ കണിക്കാന്‍ കഴിയുമെന്ന് ലോകത്തോട് പറഞ്ഞുകൊടുക്കുകയായിരുന്നു രത്തന്‍ ടാറ്റ. ജെഎല്‍ആര്‍ അതിന് മുന്‍പ് താങ്ങാന്‍ കഴിയാത്ത നഷ്ടത്തില്‍ കൂപ്പുകുത്തിയപ്പോഴാണ് അഞ്ച് ബില്ല്യണ്‍ ഡോളറിന് ബ്രിട്ടീഷ് രാജ്ഞിയില്‍നിന്ന് വാങ്ങിയ ഫോര്‍ഡ് എന്ന അമേരിക്കന്‍ കമ്പനി അത് പകുതി വിലക്ക് അഞ്ച് വര്‍ഷത്തിനുശേഷം ടാറ്റ മോട്ടോറിന് വിറ്റത്. യൂറോപ്പിലും അമേരിക്കയിലുമുള്ള കാര്‍ വ്യാപാരികള്‍ നാനോ എന്ന എറ്റവും വിലകുറഞ്ഞ ഇന്ത്യന്‍ കാര്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥത അംഗീകരിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ടാറ്റയുടെ പശ്ചാത്തലം മനസ്സിലാക്കി വഴങ്ങുകയായിരുന്നു. രത്തന്‍ ടാറ്റയുടെ ജെഎല്‍ആര്‍ തീരുമാനം പലരും ആദ്യം വീക്ഷിച്ചത് സംശയത്തോടെയാണെങ്കിലും പിന്നീട് ഭാരതീയമായ കരുത്ത് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ന് ടാറ്റ ഗ്രൂപ്പിനകത്ത് ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ജെഎല്‍ആര്‍. കച്ചവട രംഗത്ത് ഭാരതീയന്റെ കരുത്താണ് ടാറ്റ എന്ന പ്രസ്ഥാനം. അതിന്റെ യശ്ശസ്സ് നിലനിര്‍ത്താന്‍ ടാറ്റ ശ്രമിക്കുകയും ചെയ്യണം എന്ന നിര്‍ബന്ധ ബുദ്ധിക്കാരാണ് ടാറ്റ കുടുംബാഗംങ്ങള്‍. രത്തന്‍ ടാറ്റ അതില്‍ അനുരഞ്ജനത്തിന് തയ്യാറല്ല. ഒരു പതിറ്റാണ്ടിനുള്ളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് ഏറ്റെടുത്ത, മിക്കവയും കനത്ത നഷ്ടം നേരിടുന്നവയും, ലാഭകരമാക്കുക എന്ന ഭീഷണി ശിരസാ വഹിച്ച രത്തന്‍ പടിയിറങ്ങുമ്പോള്‍ ടാറ്റ കമ്പനികളില്‍ ഒന്നുംതന്നെ അത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നില്ല. എല്ലാം നിയന്ത്രണ വിധേയമായിരുന്നു. പക്ഷെ താന്‍ ഏറ്റെടുക്കുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യത ബാക്കിയുണ്ടായിരുന്നു എന്ന് സൈറസ് വാദിക്കുന്നു. അഞ്ച് വര്‍ഷമായപ്പോഴേക്കും പ്രശ്‌നം രൂക്ഷമായി എന്നുതന്നെയാണ് പലരും പറയുന്നത്. നഷ്ടം നികത്താന്‍ പലതും വിറ്റഴിക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് സൈറസ്സിന്റെ നിലപാട്. രത്തന്‍ ടാറ്റ ഈ നിലപാടിനെ ശക്തമായി എതിര്‍ക്കുമ്പോള്‍ സൈറസ് പറയുന്നത് മുന്‍കാലങ്ങളിലെ പല തീരുമാനങ്ങളും നിക്ഷേപങ്ങളും സാമ്പത്തിക യുക്തിക്ക് നിരക്കാത്തതും, ടാറ്റ കമ്പനികള്‍ക്ക് താങ്ങാന്‍ കഴിയാത്തതുമാണെന്നാണ്. ഇപ്പോള്‍ പല കമ്പനികളും ബാധ്യത തീര്‍ത്ത് അടച്ചുപൂട്ടക എന്നതുപോലും ദുഷ്‌കരമാണെന്നാണ് സൈറസ് പറയുന്നത് . പക്ഷെ പുറത്താക്കപ്പെട്ടതിന് ശേഷമേ സൈറസ് മിസ്ട്രി പഴയകാല നഷ്ടത്തിന്റെ കഥകളും, സാമ്പത്തിക ക്രമക്കേടുകളുടെ കണക്കും, സാമ്പത്തിക അച്ചടക്കരാഹിത്യവും, രത്തന്‍ ടാറ്റയുടെ വൈകാരികമായ ബന്ധത്തിന്റെ പേരിലുള്ള 'നാനോ' പോലുള്ള കാര്‍ വ്യവസായവും ആരോപിച്ച് ടാറ്റ എന്ന ഭീമന്‍ കച്ചവട സാമ്രജ്യത്തിന്റെ ദുരന്തകഥകള്‍ പറയാന്‍ തുടങ്ങിയുള്ളൂ. സൈറസിന്റെ ഭാഷയില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൊത്ത മൂല്യം അവയുടെ കടബാധ്യതയേക്കാളും നിത്യനടത്തിപ്പിനുള്ള മൂലധനാവശ്യത്തേക്കാളും കൂടുതലാണ്. ടെറ്റ്‌ലിയും ജെഎല്‍ആറും ഒഴികെ ഗ്രൂപ്പിന്റെ എല്ലാ പാശ്ചാത്യ കമ്പനികളും നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. കോറസിന് വിപണിയില്‍നിന്ന് തിരിച്ച് കിട്ടാന്‍ ഭീമമായ തുക ഇനിയും ബാക്കിയുണ്ട്. ടെലികോം രംഗത്ത് നഷ്ടത്തിന്റെ അളവ് ഇപ്പോഴും പറയാന്‍ കഴിയില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ് എന്നിവ ഉള്‍പ്പടെ ഒട്ടനവധി മറ്റ് കമ്പനികളും രൂക്ഷമായ പ്രശ്‌നങ്ങളെ നേരിടുന്നതായി സൈറസ് ആരോപിക്കുന്നു. ടാറ്റ ഫൈനാന്‍സ് എന്ന ധനകാര്യ കമ്പനിയുടെ കിട്ടാക്കടം വലിയ തോതിലാണെന്ന് സൈറസ് ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ക്ക് എഴുതിയ സ്വകാര്യ എഴുത്തില്‍ സൂചിപ്പിച്ചു. ഇതുതന്നെയായിരിക്കണം സൈറസിനെ പുറത്താക്കാന്‍ എട്ടില്‍ ആറ് ഡയറക്ടര്‍മാരും കണ്ടെത്തിയ കാരണം. കഴിഞ്ഞ രണ്ട് മാസമായി രത്തന്‍ ടാറ്റയും സൈറസിന്റെ വീഴ്ച്ചയെ ബോധ്യപ്പെടുത്തി സ്ഥാനമൊഴിയാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ സൈറസ് വഴങ്ങിയില്ല. 2011 ഡിസംബര്‍ മാസം സൈറസ് അദ്ധ്യക്ഷനായി അവരോധിക്കപ്പെടുന്നതിന് മുമ്പ് രണ്ട് തവണ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാന്‍ മടികാണിച്ചതായി പറയുന്നു. ''ഞാന്‍ നിര്‍ബന്ധത്തിന്ന് വഴങ്ങിയാണ് ഈ പദവി ഏറ്റെടുത്തത്. പ്രവര്‍ത്തിക്കാന്‍ എനിക്ക് പൂര്‍ണസ്വാതന്ത്ര്യം തരുമെന്ന രത്തന്‍ ടാറ്റയുടെ വാഗ്ദാനത്തിലാണ് താന്‍ ആ പദവി സ്വീകരിച്ചത്'' എന്ന് പുറത്താക്കപ്പെട്ട ശേഷം സൈറസ് തന്റെ എഴുത്തില്‍ സൂചിപ്പിച്ചു. സൈറസിന് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന്, ടാറ്റ അധികൃതരും പറയുന്നു. ടാറ്റ കമ്പനികളുടെ പ്രര്‍ത്തനത്തില്‍ രത്തന്‍ ടാറ്റയ്ക്കും മറ്റ് ഡയറക്ടര്‍മാര്‍ക്കും സൈറസിനോടുള്ള അതൃപതി താന്‍ പുറത്താക്കപ്പെടുന്നതിന് മുന്‍പുതന്നെ അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ബോര്‍ഡ് മീറ്റിങ്ങില്‍ വോട്ടിനിടാന്‍ തന്നെയായിരുന്നു സൈറസ്സിന് താല്‍പര്യം. എന്നാല്‍ എട്ട് പേരില്‍ വേട്ടുചെയ്ത ആറുപേരും എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പുറത്തക്കപ്പെട്ടതിനുശേഷമാണ് സൈറസ് ഡയറക്ടര്‍മാര്‍ക്ക് എഴുതിയ സ്വകാര്യ എഴുത്തിലൂടെ കഥകള്‍ ഓരോന്നായി പറയാന്‍ തുടങ്ങുന്നത്. എന്തായാലും വിറ്റഴിക്കല്‍ എളുപ്പവും തെറ്റായതുമായ നയമാണെന്ന് രത്തന്‍ ടാറ്റ വിശ്വസിക്കുന്നു. വൈകാരിക ബന്ധമുള്ള പല കച്ചവടങ്ങളും അതേപോലെ നിലനിര്‍ത്തി ശക്തിപ്രാപിക്കണമെന്ന് ടാറ്റക്ക് നിര്‍ബന്ധമുണ്ട്. ഏത് ഭീഷിണിയേയും നേരിടാന്‍ പ്രാപ്തനായിരിക്കണം ഉന്നതന്‍. അത് തന്നെയായിരിക്കണം ടാറ്റ എന്ന കച്ചവട സാമ്രാജ്യത്തിന്റെ അധിപന് ആവശ്യമായ യോഗ്യത. സൈറസിന് ആ യോഗ്യതയില്ലെന്ന് ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ തെളിയിക്കുമ്പോള്‍, വന്‍കിട കച്ചവട രംഗത്ത് പഴയ തലമുറക്കാര്‍ തന്നെയാണ് പ്രമാണികള്‍ എന്ന് ടാറ്റ ഗ്രൂപ്പ് വിലയിരുത്താന്‍ ശ്രമിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.