കുടിവെള്ള പൈപ്പിന്റെ വാല്‍വ് സിപിഎം അടച്ചു

Sunday 30 October 2016 9:41 pm IST

പേട്ട: കരിക്കകം പ്രദേശ വാസികളെ ദുരിതത്തിലാക്കി കുടിവെള്ള പൈപ്പിന്റെ വാല്‍വ് സിപിഎം പ്രവര്‍ത്തകര്‍ അടച്ചതായി നാട്ടുകാര്‍. വെണ്‍പാലവട്ടം വാഴവിള പാലത്തിന് സമീപമുള്ള ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പ്രധാനപൈപ്പ് ലൈനിന്റെ വാല്‍വാണ് അടച്ച നിലയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റ പണികള്‍ക്കായി പ്രദേശത്ത് കുടിവെള്ളം തടസ്സപ്പെട്ടിരുന്നു. പോങ്ങുംമൂട് ഡിവിഷന്റെ കീഴില്‍ നടന്ന അറ്റകുറ്റപ്പണികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ച കുടിവെള്ള വിതരണം പുനസ്ഥാപിച്ചുവെങ്കിലും കരിക്കകത്ത് കുടിവെള്ളമെത്തിയില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഴവിളക്കടത്ത് പാലത്തിന് സമീപമുള്ള വാല്‍വ് അടച്ചിരിക്കുന്നതായി കണ്ടെത്തിയത്. പൈപ്പ്‌ലൈനില്‍ നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ഇവിടെ വാല്‍വ് അടയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. അതേ സമയം വാല്‍വ് അടച്ചതിന് പിന്നില്‍ പ്രദേശത്തെ സിപിഎംകാരാണെന്ന് ബിജെപി ജില്ലാസമിതിയംഗം ഡി.ജി. കുമാരന്‍ പറഞ്ഞു. കൊച്ചുവേളിയിലെ വാട്ടര്‍ ടാങ്കില്‍ കുടിവെള്ളം സംഭരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇത് തടസ്സപ്പെടുത്താനുള്ള നീക്കമാണ് പ്രദേശത്തെ സിപിഎംകാര്‍ നടത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് അയ്യായിരത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കി പൈപ്പിന്റെ വാല്‍വ് അടച്ചതെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍മൂലം ഈ മാസം  ആറ് ദിവസമാണ് കരിക്കകം പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത്. ഈ സമയത്ത് ആവശ്യം വേണ്ട കുടിവെള്ള എത്തിക്കുന്നതില്‍ നഗരസഭ വാര്‍ഡിനെ അവഗണിക്കുകയായിരുന്നു. ഒരു ടാങ്കര്‍ കുടിവെള്ളം മാത്രമാണ് വാര്‍ഡില്‍ നല്‍കിയത്. കൂടുതല്‍ ടാങ്കറുകളില്‍ കുടിവെള്ളം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ ജീവനക്കാരെ സമീപിച്ചെങ്കിലും നിക്ഷേധാത്മക മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മേയര്‍ വി.കെ. പ്രശാന്തിനെ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മേയര്‍ തയ്യാറായില്ല. ബിജെപി കൗണ്‍സിലറുടെ വാര്‍ഡായതുകൊണ്ട് മാത്രമുള്ള അവഗണനയാണ് നഗരസഭ കാണിക്കുന്നതെന്ന് കൗണ്‍സിലര്‍ ഹിമ സിജി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.