ഉമ്മന്‍ചാണ്ടി പറഞ്ഞത് കള്ളം

Monday 31 October 2016 10:23 am IST

ബെംഗളൂരു: സോളാര്‍ പദ്ധതി നല്‍കാമെന്ന് പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയെ പറ്റിച്ച കേസില്‍ ഉണ്ടായത് എക്‌സ്പാര്‍ട്ടി വിധിയാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളം. കുരുവിള ഫീസടയ്ക്കാത്തതിനാല്‍ കേസ് തള്ളിയെന്നും തനിക്ക് സമന്‍സ് കിട്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞതും കള്ളമാണെന്നും, ഉമ്മന്‍ചാണ്ടി വക്കീലിന് വക്കാലത്ത് കൊടുത്തിരുന്നുവെന്നും വ്യക്തമായി.

കുരുവിള 2015 മാര്‍ച്ച് 23 ന് കൊടുത്ത കേസ് ഫീസടയ്ക്കാത്തതിന്റെ പേരില്‍ 2015 ഏപ്രില്‍ 30ന് തള്ളിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. എന്നാല്‍, ഇത്തരത്തില്‍ കേസ് തള്ളിയിട്ടില്ലെന്ന് കുരുവിള സാക്ഷ്യപ്പെടുത്തുന്നു. താന്‍ ആവശ്യപ്പെട്ട പ്രകാരം കേസില്‍ ഫീസടയ്ക്കാന്‍ കോടതി ദിവസം നീട്ടിത്തരികയാണുണ്ടായത്. 2016 മാര്‍ച്ച് 19 ന് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നു. ഈ അവസരങ്ങളിലൊന്നും തനിക്ക് സമന്‍സ് ലഭിച്ചില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത്തെ വാദം.

എന്നാല്‍ 2016 മാര്‍ച്ച് 19 ന് കേസ് പരിഗണിക്കുന്നുവെന്ന് കാണിച്ചയച്ച സമന്‍സ് ഉമ്മന്‍ചാണ്ടി കൈപ്പറ്റി. കൈപ്പറ്റിയെന്ന തപാല്‍ രേഖ കോടതിയില്‍ എത്തിയിരുന്നില്ല. മാര്‍ച്ച് 22ന് കേസ് പരിഗണിക്കുന്നുവെന്ന് കാട്ടി കോടതി വീണ്ടും സമന്‍സയച്ചു. ഈ സമന്‍സ് ഏപ്രില്‍ 24 നാണ് കൈപ്പറ്റിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു വാദം. ഏപ്രില്‍ 23ന് ഉമ്മന്‍ചാണ്ടി അഭിഭാഷകന് വക്കാലത്ത് നല്‍കിയിട്ടുണ്ട്. (രേഖ കാണുക). കെ. രവീന്ദ്രനാഥ, എ. സന്തോഷ് കുമാര്‍, കെ. വിനോദ്, പ്രിന്‍സിലാല്‍, എസ്.വി. ശാസ്ത്രി എന്നിവര്‍ക്കാണ്, വക്കാലത്ത്. ഏപ്രില്‍ 24നാണ് സമന്‍സ് ലഭിച്ചതെങ്കില്‍ 23ന് എങ്ങനെ വക്കാലത്ത് നല്‍കാനാകും? അതിന് മുന്‍പു തന്നെ സമന്‍സ് കൈപ്പറ്റിയെന്നര്‍ത്ഥം. സമന്‍സ് കൈപ്പറ്റിയിട്ടും അദ്ദേഹം എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല?

ഇതൊക്കെ നടക്കെയാണ് ഏപ്രില്‍ 28 ന് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ രാജ്യത്തെവിടെയും തന്റെ പേരില്‍ കേസില്ലെന്ന് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലം നല്‍കിയത്. ഏപ്രില്‍ 29 ന് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിക്കാന്‍ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഒരു കേസും നിലവിലില്ലെന്ന് കള്ളം പറഞ്ഞു. ബെംഗളൂരു കോടതിയില്‍ ഏപ്രില്‍ 23 ന് അഭിഭാഷകന് വക്കാലത്ത് നല്‍കിയ ഉമ്മന്‍ചാണ്ടിയാണ് കോടതിയെയും ജനങ്ങളേയും കബളിപ്പിച്ച് രാജ്യത്തൊരിടത്തും തനിക്കെതിരെ കേസില്ലെന്ന് സത്യവാങ്മൂലം നല്‍കിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ കേസുണ്ടെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് പല വേദികളിലും പ്രസ്താവന നടത്തിയിരുന്നു. അച്യുതാനന്ദനെതിരെ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ അപകീര്‍ത്തികേസ് ഫയല്‍ ചെയ്ത ഉമ്മന്‍ചാണ്ടി വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഉമ്മന്‍ചാണ്ടി കൊടുത്ത വക്കാലത്ത്‌

ഉമ്മന്‍ചാണ്ടിക്കെതിരെ കുരുവിള നല്‍കിയ റിക്കവറി കേസില്‍ ബെംഗളൂരു ജില്ലാ സെഷന്‍സ് കോടതി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ 1.61 കോടി രൂപ കുരുവിളയ്ക്ക് നല്‍കണമെന്നായിരുന്നു ഉത്തരവ്. കേസ് ഫയല്‍ ചെയ്ത 2015 മാര്‍ച്ച് 23 മുതല്‍ തുക നല്‍കുന്നതു വരെ 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവുണ്ട്. ഉമ്മന്‍ചാണ്ടിയും വിശ്വസ്തരും ചേര്‍ന്ന് കേരളത്തില്‍ സോളാര്‍ പദ്ധതി തരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്നായിരുന്നു കുരുവിളയുടെ പരാതി.

ഉമ്മന്‍ചാണ്ടിയെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദില്‍ജിത്ത്, കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എംഡി ബിനു നായര്‍, ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവെന്ന് ആരോപിക്കപ്പെടുന്ന ആന്‍ഡ്രൂസ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.