സിഐടിയു സമ്മേളനത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനം

Monday 31 October 2016 12:02 am IST

പാലക്കാട്: രണ്ടുദിവസമായി പാലക്കാട്ട് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനം. ട്രേഡ് യൂണിയന്‍ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തെയാണ് ഒരുവിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചു മാസം പിന്നിട്ടിട്ടും തൊഴിലാളിക്ഷേമത്തില്‍ പുരോഗതിയുണ്ടായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. തൊഴിലാളികള്‍ക്ക് സിഐടിയു തലപ്പത്ത് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വം ശക്തമായി ഇടപെടുമെന്ന് സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേതൃത്വത്തില്‍ തൊഴിലാളികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഓരോ ജില്ലകളും യൂണിയനുകളും ഘടകങ്ങളുമാണു ശ്രമിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്താന്‍ പാടില്ലെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തൊഴിലാളിസംഘടനാ രംഗത്തു സജീവമല്ലാത്തവര്‍ നേതൃത്വത്തില്‍ എത്തുന്നതു സംബന്ധിച്ച സംഘടനാരേഖയിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചാവിഷയമായപ്പോഴാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈ നിബന്ധന പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തിലും ഉയര്‍ന്നു. പാര്‍ട്ടിയില്‍ സ്ഥാനം നഷ്ടപ്പെടുന്നവരെ പുന:പ്രതിഷ്ഠിക്കാനുള്ള വേദിയായി ട്രേഡ് യൂണിയന്‍ നേതൃത്വത്തെ കാണുന്നത് സംഘടനയെ ദുര്‍ബലപ്പെടുത്തുമെന്നാണ് പൊതുവേ ഉയര്‍ന്ന ആക്ഷേപം. സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം നിര്‍ജീവമാണെന്ന വിമര്‍ശനശനവുമുണ്ടായി. പലരും സംഘടനാപ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും സജീവമായി പങ്കെടുക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചു മാസം പിന്നിട്ടിട്ടും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കപ്പെടാത്ത വിഷയവും ചര്‍ച്ചയായി. വിവിധ ക്ഷേമനിധി ആനുകൂല്യങ്ങള്‍ സംബന്ധിച്ച അംഗങ്ങളുടെ അപേക്ഷകള്‍ ബോര്‍ഡുകളുടെ പരിഗണന കാത്തുകിടക്കുകയാണ്. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മാത്രം നാനൂറിലേറെ അപേക്ഷകളില്‍ തീരുമാനമെടുക്കാനുണ്ട്. തൊഴിലാളികള്‍ക്ക് അനുകൂലമായ വിവിധ നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കം കുറിച്ചുവെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമ്പോഴും ക്ഷേമനിധി ബോര്‍ഡുകളുടെ പുനഃസംഘടനയുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ മെല്ലെപ്പോക്കാണെന്നാണ് ആക്ഷേപം. ബോര്‍ഡുകളിലേക്കുള്ള നിയമനം സംബന്ധിച്ച് സംഘടനയുടെ ശുപാര്‍ശകള്‍ നേരത്തെ തന്നെ പാര്‍ട്ടി, സര്‍ക്കാര്‍ നേതൃത്വങ്ങളെ അറിയിച്ചിട്ടും നടപടിയായിട്ടില്ല. ഇന്നലെ സംഘടനാ ചര്‍ച്ചയില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് 4.30ന് കോട്ടമൈതാനിയില്‍ നടക്കുന്ന തൊഴിലാളി റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.