ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥനായജ്ഞം ഇന്നു മുതല്‍

Monday 31 October 2016 12:11 am IST

പൊന്‍കുന്നം(കോട്ടയം): കോടതി വ്യവഹാരങ്ങളില്‍ ജയം നേടാന്‍ കാലങ്ങളായി ഭക്തര്‍ വഴിപാട് നടത്താനെത്തുന്ന ജഡ്ജിയമ്മാവന്‍ കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രാര്‍ത്ഥനാ യജ്ഞം ഇന്ന് മുതല്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിലെ കേസ് ജയിക്കാനാണ് പ്രാര്‍ത്ഥനായജ്ഞം. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ക്ഷേത്ര ഉപദേശക സമിതികളും സഹകരിച്ചാണ് ബോര്‍ഡിന്റെ കീഴിലുള്ള ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ആരാധനയും വഴിപാടും നടത്തുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് നീതി നടപ്പാക്കിയതില്‍ വന്ന വീഴ്ചമൂലം സ്വയം വധശിക്ഷയ്ക്ക് വിധേയനായ തലവടി രാമവര്‍മ്മ പുരത്ത് മഠം ഗോവിന്ദപ്പിള്ളയെന്ന സദര്‍കോടതി ജഡ്ജിയുടെ ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് പ്രാര്‍ത്ഥനായജ്ഞം നടത്തുന്നത്. സുപ്രീംകോടതിയില്‍ ഏഴാംതീയതിയാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വൈകിട്ട് ജഡ്ജിയമ്മാവന്‍ കോവിലില്‍ അരിയട നേദ്യം നടത്തും. അട തയ്യാറാക്കുന്നതിനുളള വഴന (എടന) ഇല പീരുമേട് ക്ഷേത്ര ഉപദേശക സമിതി എത്തിക്കും. നവംബര്‍ 6 വരെ ഭാഗവത സപ്താഹയജ്ഞവും നാരായണീയം, വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം, ഭഗവത്ഗീത പാരായണവും നടത്തും. ശബരിമലയുടെ വിശുദ്ധി സംരക്ഷണത്തിന് ആറിന് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന സര്‍വ്വൈശ്വര്യപൂജയും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.