മണ്ഡലകാലം അടുത്തു; കുമളിയില്‍ ഒരുക്കങ്ങള്‍ പാതിവഴിയില്‍

Monday 31 October 2016 12:54 am IST

കുമളി: ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ കുമളിയില്‍ ഒരുക്കങ്ങള്‍ പാതിവഴിയില്‍. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇതുവഴി എത്തുന്നത്. സീസണ്‍ കാലമത്രയും കുമളി ടൗണ്‍ രാപകലില്ലാതെ സജീവമാവും. ദിവസവും എത്തിച്ചേരുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് രാത്രികാലങ്ങളില്‍ വിരിവയ്ക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കാറില്ല. മുന്‍കാലങ്ങളില്‍ കുമളി ഗണപതി ഭദ്രകാളി ക്ഷേത്ര നടപ്പന്തലില്‍ ആണ് അയ്യപ്പന്മാര്‍ വിശ്രമിച്ചിരുന്നത്. എന്നാല്‍, ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെങ്ങോലകള്‍ കൊണ്ട് മറച്ച ചെറിയ വിരിവയ്പ്പ് കേന്ദ്രമാണ് പഞ്ചായത്ത് തയ്യാറാക്കിയത്. ഇതിന്റെ പരിസരമാകട്ടെ പൂര്‍ണ്ണമായും മലമൂത്ര വിസര്‍ജനത്താല്‍ മലിനവുമായിരുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് വാഹന പാര്‍ക്കിങ് സൗകര്യം ഫീസ് ഈടാക്കി ഗ്രാമപഞ്ചായത്ത് നല്‍കിയത്. ശബരിമല സീസണ്‍ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ തുക പഞ്ചായത്ത് ഭരണസമിതി വകമാറ്റി ചെലവഴിച്ചതു വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ചെറിയ ശൗചാലയവും കുളിമുറിയും മാത്രമാണ് അധികാരികള്‍ നല്‍കുന്ന ഏക സൗകര്യം. തേക്കടി ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന കുമളിയില്‍ മണ്ഡലകാലത്ത് ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജലസേചന വകുപ്പ് യാതൊരു താത്പര്യവും കാണിക്കാറില്ല. വഴിയോരങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇവിടെ വാഹങ്ങള്‍ നിര്‍ത്താന്‍ പോലീസ് അനുവദിക്കാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.