സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സംഭവം എന്‍ഐഎ അന്വേഷിക്കും

Monday 31 October 2016 7:18 pm IST

ഭോപാല്‍: സിമി തടവുകാര്‍ ജയില്‍ ചാടിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇതു സംബന്ധിച്ച കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തിയെന്നും എന്‍ഐഎ അന്വേഷണത്തിന് അദ്ദേഹം സമ്മതം അറിയിച്ചതായും ചൗഹാന്‍ വ്യക്തമാക്കി. സിമി പ്രവര്‍ത്തകര്‍ തടവ് ചാടിയ സംഭവത്തിന് പിന്നാലെ തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജയില്‍ ചാടാന്‍ ശ്രമിച്ച സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കുന്നു. എന്നാല്‍ സംഭവത്തെ ഗൗരവപൂര്‍വ്വമാണ് നോക്കി കാണുന്നതെന്ന് പറഞ്ഞ ചൗഹാന്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും അറിയിച്ചു. ഡി.ഐ.ജി, പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, ചീഫ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഞായറാഴ്ച രാത്രിയായിരുന്നു ഭോപ്പാലിലെ സെൻട്രൽ ജയിലിൽ നിന്നും എട്ട് സിമി ഭീകരര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതും തുടര്‍ന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടതും. സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഭീകരര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്. മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച്‌ വലിയ മതിലിന് മുകളില്‍ കയറി, കൂട്ടിക്കെട്ടിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച്‌ തൂങ്ങിയിറങ്ങിയാണ് ഭീകരര്‍ ജയിൽ ചാടാന്‍ ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.