കൃഷി ഓഫീസറുടെ വീടാക്രമിച്ച സിപിഎം അക്രമികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

Monday 31 October 2016 7:37 pm IST

ചേര്‍ത്തല: കൃഷി ഓഫീസറുടെ വീടാക്രമിച്ച സിപിഎം അക്രമികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് നമ്പിശേരില്‍ എന്‍.ജി. വ്യാസിന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെയാണ് അര്‍ത്തുങ്കല്‍ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം ഉയര്‍ന്നത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. മാരകായുധങ്ങളുമായി രാത്രിയില്‍ എത്തിയ സംഘം വീടിന്റെ ജനാലചില്ലുകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്തു കിടന്ന കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ സഹോദരന്‍ ശരത്തിനെ തേടിയെത്തിയ സിപിഎം ഗുണ്ടകളാണ് വീടിനു നേരെ ആക്രമണം നടത്തിയത്. സമീപത്തെ പൊള്ളയില്‍ സച്ചിന്റെ വീടും അക്രമികള്‍ തകര്‍ത്തു. സംഭവത്തിനു ശേഷം പ്രതികളെ കുറിച്ച് ദൃക്‌സാക്ഷികള്‍ സൂചന നല്‍കിയിട്ടും പാര്‍ട്ടി നല്‍കിയവരെ പ്രതികളാക്കുകയാണ് പോലീസ് ചെയ്തത്. ഭവനഭേദനം നടന്നിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കൃഷി ഓഫീസറായിരുന്ന എന്‍.ജി. വ്യാസിനെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രാഷ്ട്രീയ വൈരം മൂലം പാലക്കാട്ടേക്ക് സ്ഥലം മാറ്റുകയായിരുന്നു. തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍പും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് അക്രമങ്ങള്‍ നടന്നപ്പോള്‍ അര്‍ത്തുങ്കല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വീടാക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നും, പോലീസ് സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.