ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുമപ്പുറം

Monday 31 October 2016 9:23 pm IST

  വര്‍ഷംതോറും ദശലക്ഷക്കണക്കിന്ന് തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യം കൊണ്ട് ശബരിമല ലോകത്തിലെ പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഈ സന്നിധി അതിന്റെ പവിത്രതയോടെ വിശ്വാസികള്‍ പരിപാലിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ പലര്‍ക്കും അസൂയയും അസഹനീയതയും ഉണ്ടായിരിക്കാം. പക്ഷെ ശബരിമല എന്ന തീര്‍ത്ഥാടന കേന്ദ്രം ആയിരക്കണക്കിന്ന് കുടുംബങ്ങള്‍ക്ക് ജോലിയും ജീവിക്കാനുള്ള വഴിയും ഉറപ്പ് വരുത്തുന്നു. വഴിയോര കച്ചവടവും, ചായക്കടകളും മാത്രമല്ല, വാഹന വാടക കച്ചവടം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപയോഗം, തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ അങ്ങനെ ഒരു നീണ്ട കച്ചവട നിര തീര്‍ത്ഥാടകരെ ആശ്രയിച്ച് വളരുന്നു. ഇവരില്‍ പലരും സ്വയം തൊഴില്‍ കണ്ടെത്തുന്നവരാണ്. എന്നിട്ടും ശബരിമലയേ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചിലര്‍ ആദര്‍ശങ്ങള്‍ പറഞ്ഞ് അതൊരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ ദിവസവും നടതുറക്കുന്ന മറ്റനേകം ക്ഷേത്രങ്ങളുടെ പരിസരവും വലിയ വ്യാപാര കേന്ദ്രങ്ങളാണ്. സ്ത്രീകള്‍ വ്യാപാരം നടത്തുന്നത് എറ്റവും കൂടുതല്‍ ക്ഷേത്രപരിസരങ്ങളില്‍ തന്നെ. എന്നിട്ടും മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയിലെ ക്ഷേത്രങ്ങളുടെ സംഭാവന യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ശ്രമം നടത്തിയില്ല. മറ്റൊരു ഭാഗത്ത്, പലപ്പോഴും വലിയ ക്ഷേത്രങ്ങള്‍ക്കും വിദൂരത്ത് നിന്ന് അവിടെ എത്തുന്ന ലക്ഷക്കണക്കിന്ന് തീര്‍ത്ഥാടകര്‍ക്കും അര്‍ഹിക്കുന്ന പരിചരണമോ ശ്രദ്ധയോ സര്‍ക്കാറില്‍നിന്ന് ലഭിക്കാറില്ല എന്ന വസ്തുത ഖേദകരമാണ്. ക്ഷേത്രവും തീര്‍ത്ഥാടകരും വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹനങ്ങള്‍ പോലും പൈസ കൂടുതല്‍ ഈടാക്കുന്ന അവസ്ഥയാണ് കേരളത്തില്‍. ഒരര്‍ത്ഥത്തില്‍ തീര്‍ത്ഥാടകരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടുകളും നടപടികളുമാണ് പലഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഭക്തന്‍മാരെ അലോസരപ്പെടുത്തുന്ന അവകാശവാദങ്ങളും വിവാദ പ്രസ്താവനകളും മറ്റൊരു ഭാഗത്ത്. ചില സംഘടനകള്‍ വ്യവസായശാലകള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതിന് സമാനമായ രീതിയില്‍ ക്ഷേത്രങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഭക്തജനങ്ങളെയും വിശ്വാസത്തേയും ചോദ്യം ചെയ്ത് ബോധപൂര്‍വ്വം ക്ഷേത്രങ്ങളുടെ പ്രാധാന്യം കുറക്കാന്‍ ശ്രമിക്കുന്നു. ഇത്തരം കുല്‍സിത ശ്രമങ്ങള്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്ന് മാത്രമല്ല, അത് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പരിഹസിക്കലുമായിരിക്കും. മറ്റൊരു ഭാഗത്ത് സര്‍ക്കാര്‍ ഇടപെട്ട് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമാണ്. ക്ഷേത്രപരിസരത്ത് നടക്കുന്ന കച്ചവടത്തിലൂടെ പ്രത്യക്ഷമായും പരോക്ഷമായും വലിയ തുക നികുതിയായി ലഭിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലെങ്കിലും ക്ഷേത്രങ്ങളുടെ ചുറ്റുപാടിലെ വികസനം ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഒരു സംസ്ഥാനത്തെ സമ്പത്തിനെ അവലംബിച്ച് പറയുമ്പോള്‍ തീര്‍ത്ഥാടനവും വിനോദ സഞ്ചാരവും വ്യവഹാരഭാഷയില്‍ ഒരേ പലമാണ് ഉളവാക്കുന്നത്. വിനോദ സഞ്ചാരത്തെ പോലെ തന്നെ തീര്‍ത്ഥാടനവും സാമൂഹ്യ സാമ്പത്തിക മേഖലയെ ഗണ്യമായി സ്വാധീനിക്കുന്നു. സംസ്ഥാനത്തെ ജാതിമത ഭേദമില്ലാതെ ഒട്ടനവധി ആളുകള്‍ ശബരിമലയെ പോലുള്ള വന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ അനുപാതത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കും സമ്പത്ത് പ്രത്യക്ഷമായും പരോക്ഷമായും ഒഴുകികൊണ്ടിരിക്കുന്ന വസ്തുത സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കണം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു. ഖജനാവില്‍നിന്ന് മുതല്‍ മുടക്ക് പോകട്ടേ, ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ വഴിപാടായി നല്‍കുന്ന തുകയെങ്കിലും സത്യസന്ധമായി ക്ഷേത്രവികസനത്തിന്ന് ഉപയോഗിക്കുകയും, കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയും പ്രാദേശികമായി സാമൂഹ്യസാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ക്ഷേത്രങ്ങളെന്ന ആദ്ധ്യാത്മിക സാംസ്‌കാരിക കേന്ദ്രങ്ങളുടെ അമൂല്യമായ പൈതൃകത്തെ നിലനിര്‍ത്തേണ്ടത് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് സാമൂഹ്യസാമ്പത്തിക ഉയര്‍ച്ചക്ക് എല്ലാ അര്‍ത്ഥത്തിലും അത്യാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.