ഭക്തിയോഗിയെ പുണ്യപാപങ്ങള്‍ ബാധിക്കുകയില്ല (5-10)

Monday 31 October 2016 9:26 pm IST

ഭഗവാനെപ്പറ്റിയൊ, ജീവാത്മാക്കളെപ്പറ്റിയൊ ഒന്നും അറിയാത്ത മനുഷ്യനും ഭക്തിയോഗത്തിലൂടെ മുന്നേറാന്‍ കഴിയും, പുണ്യപാപങ്ങള്‍ തടസ്സമാവുകയില്ല. ഭഗവാനോടുള്ള അഗാധവും തീവ്രവുമായ സ്‌നേഹം കാരണം ഭഗവാന് സന്തോഷമാവാന്‍ വേണ്ടി, ഭഗവാന്‍ നിര്‍ദ്ദേശിക്കുന്ന കര്‍മങ്ങള്‍ ചെയ്യുന്നു. ആ കര്‍മങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും തനിക്കുവേണ്ടിയല്ല, ഭഗവാനുവേണ്ടിയാണ്. അതുകൊണ്ട് കര്‍തൃത്വം ഇല്ല. എന്തെങ്കിലും സുഖമോ, പദവിയോ ആഗ്രഹിക്കുന്നില്ല. ഇതാണ് 'സംഗംത്യക്ത്വാ' എന്നതുകൊണ്ട് പറയുന്നത്. ഭക്തന്റെ കര്‍മങ്ങളെ ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നത് നോക്കുക. ''ബ്രഹ്മാണി= ഈശ്വരേ, ആധായ നിക്ഷിപ്യ, തദര്‍ശം കര്‍മകരോമി ഇതി ഭൃത്യ ഇവ, സ്വാമ്യര്‍ത്ഥം.'' (ഈശ്വരനില്‍ സമര്‍പ്പിച്ച്, ഭഗവാനുവേണ്ടി ചെയ്യുന്നു എന്ന ഭാവത്തില്‍ ഒരു ദാസന്‍ തന്റെ യജമാനനുവേണ്ടി കര്‍മങ്ങള്‍ ചെയ്യുന്നപോലെ) കര്‍മങ്ങളുടെ കതൃത്വം ഭഗവാനിലാണ് -അതായത് യജമാനനിലാണ്, ദാസനില്‍ അല്ല. അതുകൊണ്ട് പാപങ്ങള്‍ ഭക്തനെ-ദാസനെ ബാധിക്കുന്നില്ല. ഏതുപോലെ, താമരയുടെ ഇലയില്‍ ഒഴിച്ചവെള്ളം ഒരു തുള്ളിപോലും അവിടെ തങ്ങിനില്‍ക്കാതെ മുഴുവനും ഒഴുകിപ്പോകുന്നതുപോലെ. കര്‍മയോഗിയുടെ കര്‍മങ്ങള്‍ ഭഗവാന്റെ സന്തോഷത്തിന് (5-11) ഭക്തിപൂര്‍വം ഭഗവാനെ സേവിക്കുന്ന കര്‍മയോഗിയുടെ ദേഹവും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും കേവലങ്ങളാണ്. അതായത് ഭൗതികസുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയേ ഇല്ല. എങ്കിലും ആസക്തിയോടെ നമ്മെപ്പോലെ ലൗകികവും വൈദികവുമായ കര്‍മങ്ങള്‍ ചെയ്യുന്നത് കാണാം. അതെന്തിനുവേണ്ടി? ആത്മശുദ്ധയേ- ശരീരവും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും പ്രകൃതി മാലിന്യം തട്ടാതെ ശുദ്ധമായിരിക്കാന്‍ വേണ്ടി തന്നെ. അതോടൊപ്പം ഭഗവാന്‍ സന്തോഷിക്കുകയും വേണം. കായേന-ഭക്തിയോഗി, പല്ലു തേച്ച്, നാക്ക് തുടച്ച്, സോപ്പു തേച്ചു കുളിക്കുന്നതുകാണാം. ഉച്ഛിഷ്ടം ലേശംപോലും ഇല്ലാത്ത പല്ലുകള്‍കൊണ്ടുതന്നെ ഭഗവാനു നിവേദിച്ച പ്രസാദം കഴിക്കാനും, വൃത്തിയാക്കാനും വേണ്ടിത്തന്നെയാണ് അങ്ങനെ ചെയ്യുന്നത്. ഭക്തന്മാര്‍ വസ്ത്രം ധരിക്കും. പുരുഷന്മാര്‍ സ്വന്തം ദേഹത്തിലെ രണ്ടു നഗ്നതാ സ്ഥാനങ്ങള്‍ (മലമൂത്ര വിസര്‍ജനാവയവങ്ങള്‍) മാത്രം മറച്ചുവെക്കാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ മാത്രം. സ്ത്രീകള്‍ അഞ്ചു നഗ്നതാ സ്ഥാനങ്ങള്‍ (മലമൂത്ര വിസര്‍ജനാവയവങ്ങള്‍, നാഭി, കക്ഷം, സ്തനം) ഇവ മറച്ചുവെക്കും. കോട്ടും സൂട്ടും ബൂട്ടും മറ്റും ആധുനിക വസ്ത്രങ്ങളും ധരിച്ച്, ക്ഷേത്രദര്‍ശനം, നാമജപം, ഭഗവത്കഥാ കഥന ശ്രവണങ്ങള്‍, ഭഗവദ് പ്രസാദ സ്വീകാരം (തീര്‍ത്ഥം, പുഷ്പം, നിവേദ്യം)മുതലായവ ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്: ഭഗവാന്റെ ചൈതന്യപ്രവാഹം നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയും രോമദ്വാരങ്ങളിലൂടെയും നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. അതിനാല്‍ ഭഗവദ്ഭക്തന്‍, സത്വഗുണദ്യോതകങ്ങളായ ശുഭ്രവസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നു. ശരീരം അലങ്കരിക്കുകയില്ല. ഭഗവാനു ചാര്‍ത്തിയ ചന്ദനമോ, കളഭമോ ധരിക്കും. നിത്യപാവനമായ ഗോപീചന്ദനം ഉപേക്ഷിക്കുകയേ ഇല്ല. കണ്ണിന്റെ കാഴ്ച കുറഞ്ഞ ഭക്തിയോഗി കണ്ണടവെക്കും. അത് ഭഗവാന്റെ വിഗ്രഹങ്ങളെയും ഭക്തന്മാരെയും വ്യക്തമായി കാണാന്‍ വേണ്ടിയാണ്. കൂടാതെ ഭഗവദ്ഗീത, ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങള്‍ തെറ്റുകൂടാതെ പാരായണം ചെയ്യുകയും വേണം. ഭക്തന്മാര്‍ കാലുകള്‍ ഉപയോഗിച്ചു വേഗം നടക്കുകയോ വാഹനങ്ങളില്‍ സഞ്ചരിക്കുകയോ ചെയ്യും. അത് ക്ഷേത്രങ്ങളിലും സത്സംഗങ്ങളിലും തീര്‍ത്ഥസ്‌നാനങ്ങളിലും കൃത്യസമയത്ത് എത്തിച്ചേരുവാന്‍ വേണ്ടിയാണ്. അവര്‍ വാക്കുകള്‍ ഭഗവാനെ സ്തുതിക്കാനും നാമം ജപിക്കാനും മാത്രം ഉപയോഗിക്കും. കൈകള്‍ ഭഗവാനെ പൂജിക്കാനും തൊഴാനും ഭക്തന്മാരെ സ്പര്‍ശിക്കാനും പ്രവര്‍ത്തിക്കും. മനസാ, ബുദ്ധ്യാ മനസ്സുകൊണ്ട് സിനിമ കാണാനോ പേകേണ്ടത് എന്ന് സംശയിച്ചേക്കാം. പക്ഷേ ബുദ്ധികൊണ്ട് ഭാഗവത സപ്താഹം മുതലായ യജ്ഞങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കും. സംഗം ത്യക്ത്വാ തന്റെ രോഗം മാറാനോ ധനം കിട്ടാനോ ആപത്തുവരാതിരിക്കാനോ അല്ല ഒരു യഥാര്‍ത്ഥ ഭക്തിയോഗി ഭഗവാനെ ഭജിക്കുന്നത്. കേവലൈഃഇന്ദ്രിയൈഃ- ഭക്തന്മാര്‍ സര്‍ക്കാര്‍ ജോലിയോ മറ്റു ജോലികളോ ചെയ്ത് പ്രതിഫലമായി ധനം സ്വീകരിക്കുന്നു. അത് ഭഗവാന്‍ തരുന്നതാണ്, ഭഗവാനുവേണ്ടി ആരാധനയായി തന്നെ ഉപയോഗിക്കണം എന്ന് തീരുമാനിച്ച് ക്ഷേത്ര നിര്‍മാണം മുതലായ കാര്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നു. മിച്ചം വരുന്ന ധനം പ്രസാദമായി അനുപേക്ഷണീയമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. യാവദ്ഭ്രിയേത ജഠരം താവത് സ്വത്വം ഹരിദേഹിനാ- (വയര്‍ നിറയെ ആഹാരം കഴിക്കാന്‍ എത്രമാത്രം ധനം ആവശ്യമാണോ അത്രമാത്രമേ ധനം സ്വീകരിക്കാന്‍ പാടുള്ളൂ.) ധനാ ച ധര്‍മൈകഫലം (ധനം ഭഗവദ് ധര്‍മാനുഷ്ഠാനത്തിനുവേണ്ടി മാത്രം- ക്ഷേത്ര നിര്‍മാണം, ആത്മീയ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ക്ഷേത്രദര്‍ശനത്തിനു എത്തിച്ചേരുന്ന അമ്മമാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയവയ്ക്കുവേണ്ടി ചെലവഴിക്കണം. മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ഭക്തിയോഗിക്ക് അറിയാവുന്നതുകൊണ്ട് ഈ രീതിയില്‍തന്നെ എല്ലാവിധ കര്‍മങ്ങളും ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.