ന്യൂദല്‍ഹി: ഭാരതത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആഭ്യന്തര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഐക്യത്തിന് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ 141ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം ശക്തിയുള്ള രാജ്യമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇതിന് രാജ്യത്തിന്റെ ഐക്യം അനിവാര്യം.
ഭാരതത്തിന്റെ ഐക്യത്തിന് സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ന് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യം ഒരു പതാകക്ക് കീഴില്‍ അണിനിരക്കുന്നത് പട്ടേലിന്റെ മിടുക്കാണ്. രാജ്യത്തെ പലതായി വിഭജിക്കാനാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചത്. എന്നാല്‍, ഭാരതത്തെ ഒന്നാക്കാന്‍ പട്ടേലിന് സാധിച്ചു, മോദി ചൂണ്ടിക്കാട്ടി.
ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് സ്ട്രീറ്റിലെ പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. പട്ടേലിന്റെ ഓര്മക്കായുള്ള ഡിജിറ്റല്‍ മ്യൂസിയവും മോദി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: