മന്ത്രിയുടെ ലക്ഷ്യം ശബരിമല തീര്‍ഥാടനം അവതാളത്തിലാക്കല്‍: വി. മുരളീധരന്‍

Tuesday 1 November 2016 3:09 am IST

തിരുവനന്തപുരം: മണ്ഡലകാലത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടന ഒരുക്കങ്ങളൊന്നും പൂര്‍ത്തിയായില്ലെന്നു പറയുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതിലൂടെ ശബരിമല തീര്‍ഥാടനം അവതാളത്തിലാക്കലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കലുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ തന്റെ കടമ നിറവേറ്റിയിട്ടുണ്ടോയെന്ന് മന്ത്രി ആത്മപരിശോധന നടത്തണം. ഒരു മാസത്തോളംകാലം ട്രാക്ടര്‍ സമരവും തൊഴിലാളി സമരവും കാരണം ശബരിമലയിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തീര്‍ഥാടനത്തിനു മുന്നോടിയായുള്ള ഒരുക്കുങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്നു. ആ സമയത്ത് പ്രശ്നം പരിഹരിക്കാന്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാതെ തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ശബരിമല സന്ദര്‍ശിച്ചശേഷം നടത്തുന്ന പ്രസ്താവനകള്‍ക്കു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കുകയെന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് മുമ്പ് പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് താക്കീത് നല്‍കിയത്. സ്വന്തം നിഷ്‌ക്രിയത്വം മൂടിവച്ച് എല്ലാം ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് കൈകഴുകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകള്‍. ഇതിലൂടെ ശബരിമല തീര്‍ഥാടനം അവതാളത്തിലാക്കാനും അതിലൂടെ ഇനിയും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്ത ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കി ദേവസ്വം ബോര്‍ഡില്‍ സ്വാധീനമുറപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്നും വി. മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.