അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

Tuesday 1 November 2016 5:29 pm IST

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ ജനവാസ മേഖലയായ നൗഷേരാ, അര്‍ണിയ, രാംഗഡ് മേഖലകളിലാണ് പാക്ക് റേഞ്ചേഴ്‌സ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറു മണിയോടെയാണ് പ്രകോപനമില്ലാതെ മേഖലകളില്‍ പാക് വെടിവയ്പ് ആരംഭിച്ചത്. സാംബാ ജില്ലയിലെ രാംഗഡിലുണ്ടായ വെടിവയ്പിലാണ് കൗമാരക്കാരി കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലെ പനിയാരിയിലുണ്ടായ പ്രകോപനത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ അര്‍ണിയ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ജവാനും മരിച്ചിരുന്നു. സാംബയില്‍ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ആക്രമണം ആരംഭിച്ച പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് ഡി.ഐ.ജി ധര്‍മ്മേന്ദ്ര പരീഖ് പറഞ്ഞു. സാംബാ മേഖലയില്‍ ബി.എസ്.എഫ് ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്. അതേസമയം തന്നെ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ബന്‍ഡിപോറയിലെ അജര്‍ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇന്നലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് രജൗരിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ ശക്തമായ ഷെല്ലിങില്‍ ജവാനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.