മലപ്പുറം കളക്ടറേറ്റില്‍ വന്‍ സ്‌ഫോടനം;പിന്നില്‍ അല്‍ ഉമ്മ

Wednesday 2 November 2016 8:41 am IST

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ വന്‍സ്‌ഫോടനം. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നിര്‍ത്തിയിരുന്ന ഹോമിയോ ഡിഎംഒയുടെ വാഹനത്തിലാണ് വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സംഭവം. പിന്നില്‍ അല്‍ ഉമ്മയാണെന്നാണ് സൂചന.

രാവിലെ 11നാണ് കോടതിക്ക് മുന്നില്‍ ഡിഎംഒയുടെ വാടകക്കാര്‍ പാര്‍ക്ക് ചെയ്തത്. ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്രശബ്ദത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ഒന്നടങ്കം വിറച്ചു. ജീവനക്കാരെല്ലാം ഓടിപ്പുറത്തിറങ്ങി. വെടിമരുന്നിന്റെ ഗന്ധം ആശങ്ക വര്‍ധിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് കളക്ടറുടെ ഓഫീസ്.

കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകുമെന്ന് ആദ്യം സംശയിച്ചെങ്കിലും, ആസൂത്രിത സ്‌ഫോടനം തന്നെയാണെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വ്യക്തമായി.
മാസങ്ങള്‍ മുന്‍പ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനത്തിന് സമാനമായ സംഭവമാണ് മലപ്പുറത്തും ആവര്‍ത്തിച്ചത്. അന്ന് കൊല്ലം കളക്ടറായിരുന്ന എ. ഷൈനാമോളാണ് ഇപ്പോള്‍ മലപ്പുറം കളക്ടര്‍. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ലഘു ലേഖകളും ലാദന്റെ ചിത്രവും

മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലഘുലേഖയും പെന്‍ഡ്രൈവും

ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് ഇത് നിയന്ത്രിച്ചിരിക്കുന്നത്. ബേയ്‌സ് മൂവ്‌മെന്റ് എന്ന എഴുതിയ ഒരു പെട്ടിയും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ അല്‍ ഉമ്മയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്.
യുപിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെ കുറിച്ചാണ് ഇംഗ്ലീഷിലുള്ള ലഘുലേഖ. കൊലപാതകം കോടതികള്‍ക്കും ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്ന് ലഘുലേഖയില്‍ പറയുന്നു.

നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അല്‍ ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ വലിയ തരം ബാറ്ററിയുടെ അവശിഷ്ടം കണ്ടെടുത്തു.

പ്രത്യേക സംഘം അന്വേഷിക്കണം

തിരുവനന്തപുരം: മലപ്പുറം കോടതി വളപ്പിലുണ്ടായ സ്‌ഫോടനം അനേ്വഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ ബഹ്‌റ പറഞ്ഞു. കൊല്ലം കളക്‌ട്രേറ്റിലും മൈസൂരിലും ആന്ധ്രയിലെ ചിറ്റൂരിലുമുണ്ടായ സമാന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അനേ്വഷണം നടത്തുക. ഒരു സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീമിനെയും സംസ്ഥാന പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.