മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം: അനിശ്ചിതകാല നിരാഹാരസമരം ഇന്നാരംഭിക്കും

Tuesday 1 November 2016 2:11 pm IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി കിഴക്കെ നടക്കാവില്‍ സ്ഥലം ഏറ്റെടുത്തു റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നടക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. കിഴക്കെ നടക്കാവില്‍ മനോരമ ജംഗ്ഷന്‍ മുതല്‍ എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് വരെ സ്ഥലം ഏറ്റെടുത്തു റോഡ് വീതി കൂട്ടുക, കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുമ്പായി ഈസ്റ്റ് നടക്കാവ് ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കുക, കച്ചവടക്കാര്‍ക്കും ജീവനക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നടക്കാവ് വികസന സമിതി ഉന്നയിക്കുന്നു. കെ.പി. വിജയകുമാര്‍,പി. എം. പ്രേമരാജന്‍ എന്നിവരാണ് ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. കിഴക്കെ നടക്കാവില്‍ വയനാട് റോഡ് ബസ് സ്റ്റേപ്പിന് മുന്‍വശമാണ് സമരം നടക്കുക. നവംബര്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുഭാവ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് പ്രസിഡന്റുമായ പി.വി. രാജഗോപാല്‍ രണ്ടിന് സമരപ്പന്തലില്‍ എത്തും. മൂന്നിന് നടക്കാവില്‍ റോഡ് ഉപരോധവും നടത്തും. മരണഭയത്താല്‍ കിഴക്കെ നടക്കാവിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നടക്കാവ് വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി. നിരാഹാരസമരം വിജയിപ്പിക്കുന്നതിനായി ഡോ. എ. അച്യുതന്‍ (ചെയര്‍മാന്‍) പാവു വര്‍ഗീസ് (വൈസ്. ചെയര്‍മാന്‍), അഡ്വ. എ.കെ. ജയകുമാര്‍ (കണ്‍വീനര്‍), സത്യന്‍ മൂത്തയില്‍ (ജോയിന്റ്. കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളുമായി സമര സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.