അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതിയും പോലീസിനെതിരെ വധശ്രമം: സിപിഎം ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

Tuesday 1 November 2016 9:37 pm IST

കണ്ണൂര്‍: കഴിഞ്ഞ ദിവസം ചാലാട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോലീസിനെ അക്രമിച്ച കേസില്‍ സിപിഎം ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് അമ്പലമൈതാനത്തിന് സമീപം ഗംഗ നിവാസില്‍ ഗംഗാധരന്റെ മകന്‍ ധരംജിത്ത് (21), ചാലാട് മണലില്‍ ജാനകി നിവാസില്‍ ബാലകൃഷ്ണന്റെ മകന്‍ നിഖില്‍ (25), പടന്നപ്പാലത്തെ തെക്കന്‍ വീട്ടില്‍ രമേശന്റെ മകന്‍ ടി.രാജേഷ്, ചാലാട് അമ്പല മൈതാനം ശ്രീനിലയത്തില്‍ അനില്‍കുമാറിന്റെ മകന്‍ ഷാരോണ്‍ (25), ചാലാട് പെട്രോള്‍ പമ്പിന് സമീപം അഞ്ജനയില്‍ മനോജിന്റെ മകന്‍ അഞ്ജിത് (24), ചാലാട് അമ്പലമൈതാനം കൃഷ്ണ നിവാസില്‍ രവീന്ദ്രന്റെ മകന്‍ ഗോകുല്‍ (20), ചാലാട് അമ്പലമൈതാനം സരസ്വതി നിവാസില്‍ ചന്ദ്രശേഖരന്റെ മകന്‍ വൈശാഖ് (21), ചാലാട് കൊട്ടക്കന്‍ റോഡ് അലിഘറില്‍ ആലിക്കുഞ്ഞിയുടെ മകന്‍ റഷാദ്(29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഷാരോണ്‍, നിഖില്‍, അംജിത്ത് എന്നിവര്‍ തളിപ്പറമ്പ് പട്ടുവത്തിനടുത്ത ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ യോഗേഷ്, രാജീവന്‍, മഹിജന്‍, അനീഷ്, മഹേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റ് അഞ്ചുപേരെ ചാലാട് നിന്ന് പിടികൂടിയത്. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. ഇതില്‍ 20 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. പ്രതികളില്‍ ചിലര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കണ്ണൂര്‍ സിറ്റിയിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷ് പ്രതിയാണ്. നിഖില്‍ മൂന്ന് രാഷ്ട്രീയ അക്രമക്കേസുകളിലും പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ചാലാട് കുന്നത്ത് കാവില്‍ ഉത്സവം അലങ്കോലമാക്കുന്നതിന് രാജേഷിന്റെയും നിഖിലിന്റെയും നേതൃത്വത്തില്‍ അക്രമം നടത്തിയിരുന്നു. പ്രദേശത്തെ ഉത്സവസ്ഥലങ്ങളില്‍ ഈ സംഘം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമസംഭവങ്ങളുണ്ടായാലും ഇവര്‍ക്കെതിരെ ആരുംതന്നെ പരാതി നല്‍കാറില്ല. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റഷാദ് സമീപകാലത്താണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്ന് മുപ്പതോടെ ചാലാട് അമ്പലത്തില്‍ നടന്ന ഗുണ്ടാ അക്രമത്തില്‍ എസ്‌ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മാരകായുധങ്ങളുമായി പോലീസിനെ അക്രമിച്ച സംഘം പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു. നിരവധിയാളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ പോലീസ് ജീപ്പിന് മുകളില്‍ക്കയറി നൃത്തം ചെയ്യുകയും ചെയ്തു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.