ജലാശയങ്ങളില്‍ പോള നിറഞ്ഞു കുടിവെള്ള പ്രതിസന്ധി രൂക്ഷം

Tuesday 1 November 2016 7:26 pm IST

എടത്വാ: വേനല്‍മഴ കനിയാത്ത കുട്ടനാട്ടില്‍ കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം. ജലാശയങ്ങളില്‍ പോള നിറഞ്ഞതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന വിലയ്ക്ക് വെള്ളം വാങ്ങിയാണ് ജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഗ്രാമീണരുടെ ഏകാശ്രയം. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, വെളിയനാട് പഞ്ചായത്തില്‍ ചങ്ങനാശേരി, കുറിച്ചി, ചിങ്ങവനം ഭാഗങ്ങളില്‍ നിന്ന് കുടിവെള്ളമെത്തിക്കുമ്പോള്‍ ചമ്പക്കുളം, എടത്വാ, തലവടി, മുട്ടാര്‍ പഞ്ചായത്തില്‍ മണിമലയാറ്റില്‍ നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. തകഴി, വീയപുരം പഞ്ചായത്തില്‍ കാര്യമായ വിതരണം നടക്കുന്നില്ല. വേനല്‍ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതിനാല്‍ വെള്ളത്തിന്റെ വിലയും കുതിച്ചുയരുകയാണ്. പഞ്ചായത്തിന്റെ നീയന്ത്രണത്തിലുള്ള ആര്‍ഒ പ്ലാന്റില്‍ പോലും വില വര്‍ദ്ധിച്ചു. 50 പൈസയ്ക്ക് വിതരണം ചെയ്തിരുന്ന ഒരുലിറ്റര്‍ വെള്ളം ഒന്നര രൂപായില്‍ എത്തി. വേനല്‍ ചൂട് കടുത്തതോടെ കിഴക്കന്‍ മേഖലയിലെ കിണറുകള്‍ വറ്റിത്തുടങ്ങിയത് കാരണം കുട്ടനാട്ടിലേക്കുള്ള വിതരണവും കുറച്ചിട്ടുണ്ട്. ഉള്‍ഗ്രാമങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നത്. നവജാത ശിശുക്കളെ കുളിപ്പിക്കാന്‍ പോലും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലെത്തി. കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടങ്കിലും പതിറ്റാണ്ടുകളായി ടാങ്കുകള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. നിര്‍മിതി കേന്ദ്രം സ്ഥാപിക്കുന്ന വാട്ടര്‍ കിയോസ്‌കുകളും വേണ്ടത്ര ഫലം കണ്ടില്ല. സംഭരണ വാഹനം എത്തുന്ന രീതിയില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചതുകാരണം ഉള്‍പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നില്ലന്ന് പരാതിയുണ്ട്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 3,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന തരത്തില്‍ 126 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് കുട്ടനാട് നീങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.