ഇന്ന് ചെന്നൈയിന്‍-മുംബൈ പോരാട്ടം

Tuesday 1 November 2016 9:10 pm IST

                    ചെന്നൈയിന്‍ എഫ്‌സി താരങ്ങള്‍ പരിശീലനം നടത്തുന്നു

ചെന്നൈ: ഐഎസ്എല്ലില്‍ രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം ഇന്ന് വീണ്ടും പന്തുരുളും. രാത്രി 7ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഇതുവരെ മുംബൈയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തിട്ടില്ല. ഇന്നും ആ റെക്കോര്‍ഡ് തകരാതെ വിജയിക്കുക എന്നതുമാത്രമാണ് മാര്‍ക്കോ മറ്റരാസിയുടെയും കൂട്ടരുടെയും ലക്ഷ്യം.
ചെന്നൈയിന്റെ ഏഴാമത്തെയും മുംബൈ സിറ്റിയുടെ എട്ടാമത്തെയും മത്സരമാണ് ഇന്ന്. നിലവില്‍ മുംബൈ സിറ്റി 11 പോയിന്റുമായി പട്ടികയില്‍ രണ്ടാമത്. ചെന്നൈയിന്‍ 9 പോയിന്റുമായി അഞ്ചാമതും.ചെന്നൈയിന്‍ എഫ്‌സി. ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തും മുംബൈ സിറ്റി11 പോയിന്റോടെ രണ്ടാംസ്ഥാനത്തും നില്‍ക്കുകയാണ്. അതായത് മുംബൈ പഴയ മുംബൈ അല്ല. ഇത്തവണ റെക്കോര്‍ഡ് തിരുത്തിക്കറിക്കും എന്ന പ്രതീക്ഷയിലാണ് മുംബൈ എന്നാല്‍ മുംബൈക്കെതിരായ വിജയ റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ.സി പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി.

ചെന്നൈയിന്‍ എഫ്‌സിയുടെ നാലാം ഹോം മത്സരമാണ് ഇന്നത്തേത്. മുന്‍പ് ദല്‍ഹി, ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകളെയാണ് ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. ഇതില്‍ ദല്‍ഹി ഡൈനാമോസുമായി 1-3നു തോറ്റു. ഗോവക്കെതിരെ 2-0ന് ജയിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ സമനിലകൊണ്ട് തൃപ്തിയടഞ്ഞു.

അതേസമയം പ്രമുഖ താരങ്ങളുടെ പരിക്ക് ചെന്നൈയിനെ അലട്ടുന്നുണ്ട്. ഹാന്‍സ് മള്‍ഡറും ജോണ്‍ ആര്‍നെ റീസയും പരിക്കിന്റെ പിടിയിലാണ്. ഇരുവരും ഇന്ന് കളിക്കാനിറങ്ങില്ല.
ഇത്തവണ മികച്ച ഫോമില്‍ നില്‍ക്കുന്ന മുംബൈ തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞകാല മത്സരഫലത്തെപ്പറ്റി തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് കോസ്റ്ററിക്കക്കാരനായ കോച്ച് അലക്‌സാന്ദ്രെ ഗ്വിമെയ്‌റസ് പറഞ്ഞു. മറിച്ച്, വിജയം ശീലമാക്കിയ തന്റെ ടീമിനെക്കുറിച്ചു ഗ്വിമെയ്‌റസിന് ഏറെ പ്രതീക്ഷയുണ്ട്.

ടീമിന്റെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍ ഇന്ന് കളത്തിലിറങ്ങുമെന്നും ഗ്വിമെയ്‌റസ് പറഞ്ഞു. ഫോര്‍ലാന്റെ സാന്നിധ്യം മറ്റുതാരങ്ങള്‍ക്ക് ഏറെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോര്‍ലാന്‍ തിരിച്ചുവരുന്നുവെന്നത് എതിരാളികള്‍ക്കു ഭീഷണിയും ടീമിനു ഗുണകരവും ആകുമെന്നും മുംബൈ കോച്ച് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.