ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ -സര്‍ക്കാര്‍ ചര്‍ച്ച വീണ്ടും പൊളിഞ്ഞു

Thursday 7 July 2011 10:43 pm IST

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ്‌ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലും ധാരണയായില്ല. 20സീറ്റുകളിലൊഴികെ മുഴുവന്‍ സീറ്റിലും പ്രവേശനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്നത്‌ നിയമപ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാട്‌. ഇതുസംബന്ധിച്ചു തങ്ങള്‍ക്കു ലഭിച്ച നിയമോപദേശം അവര്‍ മുഖ്യമന്ത്രിക്കു കൈമാറി. അവശേഷിക്കുന്ന 20സീറ്റ്‌ സര്‍ക്കാരിനു വിട്ടുനല്‍കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഒരു സീറ്റു വിട്ടുനല്‍കിയാലും മുഴുവന്‍ പ്രവേശന നടപടികളെയും ബാധിക്കുമെന്ന്‌ ഇന്‍ര്‍ചര്‍ച്ച്‌ കൗണ്‍സില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ അഡ്വക്കേറ്റ്‌ ജനറലിന്റെയും പ്രവേശനപരീക്ഷ കമ്മീഷണറുടെയും നിയമോപദേശം തേടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മാനെജുമെന്റുകള്‍ തങ്ങളുടെ നിലപാട്‌ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമോപദേശം ലഭിച്ചശേഷം തിങ്കളാഴ്ച ചര്‍ച്ച്‌ കൗണ്‍സിലുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.
നാലു കോളേജുകളിലെ അവശേഷിക്കുന്ന സീറ്റും ഹയര്‍ ഓപ്ഷന്‍മൂലം ഒഴിവുവരുന്ന സീറ്റും വിട്ടുകിട്ടണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ സീറ്റിലും ഏകീകൃതഫീസ്‌ എന്ന നിലപാട്‌ അംഗീകരിക്കാനാവില്ല. ക്രോസ്‌ സബ്സിഡി പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ നിലപാട്‌ സ്വീകരിക്കുന്നത്‌. സുപ്രീംകോടതി വിധിയുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നതാണ്‌ സര്‍ക്കാര്‍ നിലപാട്‌. എല്ലാവരും പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലേക്ക്‌ എത്തിയതില്‍ സര്‍ക്കാരിന്‌ സന്തോഷമുണ്ട്‌. തിങ്കളാഴ്ച മാനെജ്മെന്റുകളുമായി ചര്‍ച്ച നടത്തുന്നതിനു മുമ്പ്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയെയും ഇതുവരെ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാരുമായി സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ പ്രതിനിധി ഡോ.ജോര്‍ജ്‌ പോള്‍ വ്യക്തമാക്കി. സര്‍ക്കാരിന്‌ കുറച്ചുസീറ്റു വിട്ടുനല്‍കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. സീറ്റ്‌ വിട്ടുനല്‍കിയാല്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുമെന്ന്‌ അറിയിച്ചെങ്കിലും മുഖ്യമന്ത്രി ഇതംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ്പോള്‍ കൂട്ടിച്ചേര്‍ത്തു. സ്വാശ്രയപ്രശ്നത്തില്‍ ശാശ്വതപരിഹാരത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതില്‍ സന്തോഷമുണ്ട്‌. ജൂബിലി മെഡിക്കല്‍ മിഷനിലെ എല്ലാ സീറ്റിലും പ്രവേശനം പൂര്‍ത്തിയായി. മറ്റു മൂന്നുകോളെജുകളില്‍ ഇനി അവശേഷിക്കുന്നത്‌ 20സീറ്റ്‌ മാത്രം. ഇതു വിട്ടുനല്‍കിയാല്‍ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചേക്കാം. നിയമോപദേശം സര്‍ക്കാരിനു അനുകൂലമായാല്‍ 20സീറ്റ്‌ വിട്ടുനല്‍കാന്‍ തയാറാണെന്നും ഡോ.ജോര്‍ജ്പോള്‍ അറിയിച്ചു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.