ഇടക്കാല ബജറ്റ്‌ ഇന്ന്‌

Friday 8 July 2011 10:10 am IST

തിരുവനന്തപുരം: യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ധനമന്ത്രി കെ.എം.മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കും. കാര്യമായ നികുതി പരിഷ്കാരങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന ധനമന്ത്രി നേരത്തെ തന്നെ നല്‍കി കഴിഞ്ഞു. സര്‍ക്കാരിന്റെ നൂര്‍ദിന കര്‍മ്മപദ്ധതിയുടെ ചുവട്‌ പിടിച്ചുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിലുമുണ്ടാകുക.
പുതിയ പ്രഖ്യാപനങ്ങള്‍ക്കപ്പുറം ധനനയത്തില്‍ വരുന്ന മാറ്റം എങ്ങനെയെന്ന്‌ കേള്‍ക്കാനാണ്‌ കേരളം കാത്തിരിക്കുന്നത്‌. അഞ്ചുവര്‍ഷം കേട്ടുശീലിച്ച ധനനയം തിരുത്തുമെന്ന്‌ കെ.എം. മാണി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. കാര്‍ഷിക രംഗവും നിക്ഷേപലോകവും പ്രതീക്ഷയോടെയാണ്‌ ബജറ്റിനെ കാത്തിരിക്കുന്നത്‌. ഇന്ന്‌ രാവിലെ ഒന്‍പത്‌ മണിക്കാണ്‌ ബജറ്റ്‌ അവതരണത്തിനായി നിയമസഭ ചേരുന്നത്‌. തന്റെ ഒന്‍പതാമത്തെ ബജറ്റാണ്‌ മാണി ഇന്ന്‌ അവതരിപ്പിക്കുന്നത്‌.
ഇന്ത്യയില്‍ തന്നെ ഒരു ധനമന്ത്രിയും എട്ടില്‍ കൂടുതല്‍ തവണ ബജറ്റ്‌ അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 11നാണ്‌ നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ ധനമന്ത്രിയായിരുന്ന ഡോ.തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. സമ്പൂര്‍ണ്ണ ബജറ്റ്‌ പാസാക്കാതെ നാലുമാസത്തേക്കുള്ള വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രമാണ്‌ പാസാക്കിയിരുന്നത്‌. പുതിയ ബജറ്റ്‌ അവതരിപ്പിച്ചാലും ആദ്യഘട്ടത്തില്‍ വോട്ട്‌ ഓണ്‍ അക്കൗണ്ടാണ്‌ പാസാക്കുന്നത്‌. സെപ്തംബറില്‍ സഭ ചേര്‍ന്ന്‌ ബജറ്റ്‌ പൂര്‍ണ്ണമായി പാസ്സാക്കാനാണ്‌ ആലോചിക്കുന്നത്‌. അപ്പോഴും വര്‍ഷത്തിന്റെ പകുതിയിലധികം വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ എന്ന താത്കാലിക സംവിധാനത്തിലായിരിക്കും സംസ്ഥാനം.
ചെറുനഗരങ്ങളില്‍ പുതിയ ഐടി പാര്‍ക്കുകള്‍, വ്യവസായങ്ങള്‍ക്കുവേണ്ട അടിസ്ഥാനസൗകര്യ വികസനത്തിനും നിലവിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണം, ഇന്‍കല്‍ കൊച്ചിയില്‍ സ്ഥാപിച്ച വ്യവസായ പാര്‍ക്കിന്റെ മാതൃകയില്‍ കൂടുതല്‍ പാര്‍ക്കുകള്‍, പരിതാപകരമായ അവസ്ഥയിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ പുനസംഘടന തുടങ്ങിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. മുന്നണികള്‍ തമ്മിലുള്ള നയം മാറ്റം ബജറ്റിലും പ്രതിഫലിക്കുമെന്നുറപ്പാണ്‌. സര്‍ക്കാര്‍ മാറിയതിനാല്‍ പുതിയ സര്‍ക്കാരിന്റെ കാഴ്ചപ്പാട്‌ ബജറ്റിലും പ്രതിഫലിക്കും. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നാണ്‌ മാണിയുടെ വാദം. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ കൂടാതെ വിഭവ സമാഹരണത്തിന്‌ പുതിയ വഴികള്‍ കണ്ടെത്താന്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വന്‍കിട പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും.