കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള വെളിയന്നൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജീര്‍ണ്ണാവസ്ഥയില്‍

Tuesday 1 November 2016 10:08 pm IST

വെളിയന്നൂര്‍: കെഎസ്ആര്‍ടി സിയുടെ ഉടമസ്ഥതയിലുള്ള വെളിയന്നൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജീര്‍ണ്ണാവസ്ഥയില്‍. കോട്ടയം-വെളിയന്നൂര്‍ വഴി കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി അന്നത്തെ എംഎല്‍എ ജോസഫ് ചാഴിക്കാടന്‍ തന്റെ സ്വന്തം വസ്തുവില്‍ നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയ കെട്ടിടമാണ് ജീര്‍ണ്ണാവസ്ഥയില്‍ ആയിട്ടുള്ളത്. ബസ്സ കാത്തിരിപ്പ് കേന്ദ്രമായി പൊതുജനങ്ങളും ഉപയോഗിച്ചിരുന്നു. വൈകിട്ട് 9.30ന് കോട്ടയത്ത് നിന്ന് വെളിയന്നൂരില്‍ എത്തുന്ന ബസ്സിലെ ബസ് ജീവനക്കാര്‍ ഈ കെട്ടിടത്തിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങാന്‍ ഇടമില്ലാതെ വിഷമവൃത്തത്തിലായി. ഈ വഴിയുള്ള ബസുകളില്‍ ജോലിനോക്കാന്‍ ജീവനക്കാര്‍ വിമുഖതകാട്ടി. കെട്ടിടത്തിലെ അപകടാവസ്ഥ മനസ്സിലാക്കിയ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ജീവനക്കാര്‍ക്ക് താമസിക്കാന്‍ മറ്റൊരുമുറി ഏര്‍പ്പാടാക്കി നല്‍കി. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥകരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയണമെന്നാണ് ഉദ്യോഗസ്ഥര്‍ ഗതാഗത വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നിട്ടുംഅന്ന് സ്ഥലം എംഎല്‍എ പ്രശ്നത്തില്‍ ഇടപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമായി. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥലവും, കെട്ടിടവും, ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യറാണെന്ന് കാണിച്ച് ഗതാഗതവകുപ്പിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലമോ, കെട്ടിടങ്ങളോ, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ നയം ഇതിന് തടസ്സമായി. കഴിഞ് ദിവസം വെളിയന്നൂരില്‍ എത്തിയ ഗതാഗത വകുപ്പ് മന്ത്രി എം.കെ. ശശിധരന്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക കണ്ടെത്തിയെങ്കില്‍ മാത്രമേ കെട്ടിടനിര്‍മ്മാണം നടത്താന്‍ ആവൂ എന്ന് നിവേദക സംഘത്തെ മന്ത്രി അറിയിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രവും, ജീവനക്കാരുടെ വിശ്രമകേന്ദ്രവും, പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കോട്ടയം-വെളിയന്നൂര്‍ ബസ് സര്‍വ്വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവയ്‌ക്കേണ്ടിവരും. കോട്ടയം വെളിയന്നൂര്‍ വഴി-കൂത്താട്ടുകുളം സര്‍വ്വീസാക്കി മാറ്റുവാനുള്ള നീക്കവും ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.