ഐഎന്‍ടിയുസി നേതാവിനെ മര്‍ദ്ദിച്ചു; നഗരസഭാ വൈസ് ചെയര്‍മാനെതിരെ കേസ്

Tuesday 1 November 2016 10:31 pm IST

                                ആന്റണി,                                                           ജിന്‍സന്‍

കൊച്ചി: ഐഎന്‍ടിയുസി നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ആന്റണി ആശാന്‍പറമ്പിലിനെതിരെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് കേസെടുത്തു. കൗണ്‍സിലര്‍ ജിന്‍സന്‍ പീറ്റര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് പനങ്ങാട് പോലീസ് കേസെടുത്തത്. ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ അറസ്റ്റുചെയ്തു. ആന്റണിയും ജിന്‍സന്‍ പീറ്ററും ഒളിവിലാണ്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെട്ടൂര്‍ നൈമനപ്പറമ്പില്‍ അബി (35), നങ്ങ്യാരത്തുപറമ്പ് ഭരതന്‍ ഷിജു (40), കൊഞ്ച് സലാം എന്ന സലാം (40), പള്ളുരുത്തി സ്വദേശി റംഷദ് (35) എന്നിവരാണ് അറസ്റ്റിലായത്.

നെട്ടൂര്‍ ആലുങ്കപറമ്പില്‍ എ.എം. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ നടപടി. 2013 ലാണ് സംഭവം. കെട്ടിടനിര്‍മാണ സ്ഥലത്തെ ചെളി നീക്കുവാനുള്ള 10 ലക്ഷത്തിന്റെ കരാര്‍ തന്റെ അടുപ്പക്കാരനായ ഭരതന്‍ ഷിജുവിന് നല്‍കണമെന്ന് ആന്റണി ഷുക്കൂറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് ഇയാളുടെ കാറില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി നെട്ടൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ജനനേന്ദ്രിയത്തില്‍ വാളുകൊണ്ട് മുറിപ്പെടുത്തി. മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ഷുക്കൂര്‍ ചികിത്സ തേടി. കൗണ്‍സിലര്‍ ജിന്‍സന്‍ പീറ്ററും മര്‍ദ്ദനം നടന്ന വീട്ടിലുണ്ടായിരുന്നു.

അന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. ഒരു മുന്‍മന്ത്രി ഇടപെട്ട് കേസ് അട്ടിമറിച്ചു. നിര്‍മ്മാണസ്ഥലത്തെ ചെളി നീക്കാന്‍ കരാറെടുക്കലുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് ആന്റണി ആശാന്‍പറമ്പിലിന്റെ ഇടപെടലുണ്ടായതായി ഷുക്കൂര്‍ പറയുന്നു.കോണ്‍ഗ്രസ് മരട് മണ്ഡലം സെക്രട്ടറിയായ ആന്റണി കണ്ണാടിക്കാട് തോമസ് പാരിഷ് ഹാളിന് സമീപമാണ് താമസിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. മരട് നഗരസഭയില്‍ മൂന്നാം തവണയാണ് അംഗമാകുന്നത്. കണ്ണാടിക്കാട് പടിഞ്ഞാറ് മൂന്നാം വാര്‍ഡില്‍നിന്നാണ് തെരഞ്ഞെടുത്തത്.

മുത്തേടം പള്ളിക്ക് സമീപം താമസിക്കുന്ന ജിന്‍സന്‍ പീറ്റര്‍ ആയുര്‍വേദ ആശുപത്രി വാര്‍ഡില്‍നിന്നാണ് ജയിച്ചത്. ഒരുപ്രാവശ്യം പഞ്ചായത്ത് അംഗമായിരുന്ന ഇയാള്‍ രണ്ടാംതവണയാണ് കൗണ്‍സിലറാകുന്നത്. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനാണ്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.