മരുന്ന് വിതണം നിലച്ചു; സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Wednesday 2 November 2016 12:54 pm IST

തിരുവനന്തപുരം: 14.12 കോടി രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വിതരണവും നിര്‍ത്തി. ഇതോടെ കാരുണ്യ ബനവലന്റ് ഫണ്ട്, ആര്‍‌എസ്‌‌ബിവൈ, ആരോഗ്യകിരണം, ആര്‍‌ബി‌എസ്‌കെ, ചിസ് പ്ലസ്, ജനനി ജന്മരക്ഷ, താലോലം, സ്നേഹസാന്ത്വനം, ആദിവാസി ചികിത്സാ പദ്ധതി തുടങ്ങിയ പദ്ധതികള്‍ നിലച്ചു. മരുന്ന് വിതണം നിര്‍ത്തുന്നതിനുമുമ്പ് ഇക്കാര്യം മെഡിക്കല്‍ കോര്‍പ്പറേഷന്‍ രേഖാമൂലം മെഡിക്കല്‍ കോളേജുകളെയും ആരോഗ്യ വകുപ്പ് സെക്രട്ടറിയെയും അറിയിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഒക്ടോബര്‍ 22 ഓടെ പണം അടച്ചില്ലെങ്കില്‍ മരുന്നു വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ പല ആശുപത്രികള്‍ക്കും കുടിശിക അടയ്ക്കാനുള്ള പണമില്ല. ഈ തുക അടയ്ക്കണമെന്ന് സര്‍ക്കാരിനോട് ആശുപത്രികള്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരും ചെവിക്കൊണ്ടില്ല. വിവിധ ആരോഗ്യപദ്ധതികളിലേക്കുള്ള മരുന്നുകളും ജീവന്‍‌രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നത് കാരുണ്യ ഫാര്‍മസിയില്‍ നിന്നുമായിരുന്നു. മരുന്നുകളും ഉപകരണങ്ങളും നല്‍കി മുപ്പത് ദിവസത്തിനകം പണം ആശുപത്രികള്‍ കാരുണ്യ ഫാര്‍മസിയില്‍ അടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല പദ്ധതികള്‍ക്കും നാല് കൊല്ലത്തെ വരെ തുക കുടിശികയുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മാത്രം 11.2 കോടി രൂപ നല്‍കാനുണ്ട്. മറ്റ് ആശുപത്രികള്‍ നല്‍കാനുള്ളത് രണ്ട് കോടി 92 ലക്ഷം രൂപയും. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ പദ്ധതികള്‍ നിലയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.