വിത്ത് ലഭിക്കുന്നില്ല; കുട്ടനാട്ടില്‍ പുഞ്ചക്കൃഷി പ്രതിസന്ധിയില്‍

Wednesday 2 November 2016 7:37 pm IST

കുട്ടനാട്: പുഞ്ചക്കൃഷിക്കായി പാടശേഖരം ഒരുക്കി ദിവസങ്ങളായിട്ടിട്ടും വിതയ്ക്കാന്‍ വിത്ത് ലഭിക്കുന്നില്ല. പുളിങ്കുന്ന് കൃഷി ഭവന്‍ പരിധിയിലെ കൊച്ചാറിനോടു ചേര്‍ന്നുള്ള വടക്കേ ആറായിരം, തെക്കേ ആറായിരം, പുത്തനാറായിരം കായല്‍ പാടശേഖരങ്ങളിലെയും മങ്കൊമ്പ് മേച്ചേരിവാക്ക പാടശേഖരത്തെയും കര്‍ഷകര്‍ക്കാണു വിതയ്ക്കാന്‍ വിത്ത് ലഭിക്കാതായതോടെ ബുദ്ധിമുട്ടിലായത്. മൂന്ന് കായല്‍ നിലങ്ങളിലുമായി 1,800 ഏക്കര്‍ പാടശേഖരം കളയ്ക്കു കിളിര്‍പ്പിച്ച ശേഷം പുഞ്ച വിതയ്ക്കായി പാടത്തെ വെള്ളം വറ്റിച്ചിട്ടിരിക്കുകയാണ്. വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്നു മൂന്നു കായലുകളിലെയും പമ്പിങ് പാടശേഖര സമിതികള്‍ നിര്‍ത്തിവച്ചു. ഇതെ അവസ്ഥയാണ് 225 ഏക്കര്‍ വരുന്ന മേച്ചേരിവാക്ക പാടശേഖരത്തും നിലനില്‍ക്കുന്നത്. കേരള സര്‍ക്കാരിന്റെ വിത്താണു കായല്‍ നിലങ്ങളിലെയും മേച്ചേരിവാക്ക പാടശേഖരത്തെയും കര്‍ഷകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ വിത്തു ലഭിക്കാനാണു നിലവില്‍ കാലതാമസം ഉണ്ടായിരിക്കുന്നത്. കര്‍ണാടകയുടെ വിത്ത് ബുക്ക് ചെയ്ത മറ്റു പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് ഇതിനോടകം വിത്ത് ലഭിച്ചിട്ടുണ്ട്. നിലവില്‍ വിത്ത് ലഭിക്കാത്ത പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കു കര്‍ണാടകയുടെ വിത്ത് ഇനി വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. കര്‍ണാടകയുടെ വിത്ത് ലഭിക്കണമെങ്കില്‍ മൂന്നു മാസം മുമ്പ് ബുക്ക് ചെയ്യുകയും പണം അടയ്ക്കുകയും വേണം. കേരളത്തിന്റെ വിത്തിനു സബ്‌സിഡി ലഭിക്കുന്നതിനാല്‍ കുട്ടനാട്ടിലെ ഭൂരിഭാഗം കര്‍ഷകരും വാങ്ങുന്നതു കേരളയുടെ സബ്‌സിഡി വിത്താണ്. വിത്ത് ലഭിക്കാന്‍ വൈകുന്നതു മൂലം കൃഷി താമസിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്. കൊച്ചാറിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കായല്‍ നിലങ്ങളായതിനാല്‍ ഇവിടെ വളരെ വേഗം ഉപ്പു വെള്ളം കയറാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഈ മൂന്നു കായല്‍ നിലങ്ങളിലും തുലാം 20ന് മുമ്പ് വിതയ്ക്കുന്നതാണു പതിവ്. താഴ്ന്ന കായല്‍ നിലങ്ങള്‍ ആയതിനാല്‍ വേനല്‍ മഴയ്ക്കു മുമ്പ് വിളവെടുക്കല്‍ ലക്ഷ്യമിട്ടാണു കര്‍ഷകര്‍ എല്ലാ വര്‍ഷവും കൃഷി ചെയ്യുന്നത്. വിത്ത് വൈകുന്നതുമായി ബന്ധപ്പെട്ടു തങ്ങള്‍ സീഡ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഉടന്‍ എത്തിക്കാമെന്ന മറുപടി നല്‍കി തിരികെ വിടുകയായിരുന്നുവെന്നു കര്‍ഷകര്‍ പറഞ്ഞു. അതേ സമയം രണ്ടു ദിവസത്തിനുള്ളില്‍ പാടശേഖരങ്ങളില്‍ വിത്ത് എത്തിക്കുമെന്നു സീഡ് അധികൃതര്‍ അറിയിച്ചു. വിത്ത് ആവശ്യത്തിന് ഉണ്ട്. എന്നാല്‍ വാഹനങ്ങളുടെ ലഭ്യത കുറവ് മൂലമാണു യഥാസമയം വിത്ത് എത്തിക്കാന്‍ സാധിക്കാത്തതെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.