ചെന്നൈയിന് സമനില

Wednesday 2 November 2016 9:25 pm IST

ഗോള്‍ നേടിയ ജെജെയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ചെന്നൈ: ചെന്നൈയിന് തുടര്‍ച്ചയായ മൂന്നാം സമനില. ഇന്നലെ മുംബൈ സിറ്റിക്കെതിരെ 88-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തിയ ചെന്നൈയിന് അവസാന മിനിറ്റില്‍ പിഴച്ചു. പകരക്കാരനായി ഇറങ്ങിയ ലിയോ കോസ്റ്റയാണ് ചെന്നൈയിന്‍ ടീമിനെ ഞെട്ടിച്ച് 89-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. കളിയുടെ 51-ാം മിനിറ്റില്‍ ജെജെയുടെ ഗോളിലൂടെയായിരുന്നു ചെന്നൈയിന്‍ ലീഡ് നേടിയത്. ചെന്നൈയിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്.

സമനിലയോടെ 7 കളികളില്‍ നിന്ന് ചെന്നൈയിന് 10 പോയിന്റ്. മുംബൈ സിറ്റിക്ക് 8 കളികളില്‍ നിന്ന് 12 പോയിന്റും. ചെന്നൈയിന്‍ എഫ്‌സി 4-3-1-2 രീതിയിലും മുംബൈ സിറ്റി 4-2-3-1 രീതിയിലുമാണ് കളത്തിലെത്തിയത്. കളിയുടെ തുടക്കം മുതല്‍ ചെന്നൈയിനായിരുന്നു പന്തിന്മേല്‍ നിയന്ത്രണം കൂടുതല്‍.

റാഫേല്‍ അഗസ്‌റ്റോയും ജെജെയും പെലൂസോയുമടങ്ങിയ താരനിര നിരന്തരം ആക്രമിച്ച് കയറിയതോടെ മുംബൈ പ്രതിരോധത്തിന് പിടിപ്പതു പണിയായി. കളംനിറഞ്ഞുകളിച്ച പെലൂസോയായിരുന്നു ചെന്നൈയിന്റെ ചാലകശക്തി. ഏഴാം മിനിറ്റില്‍ ചെന്നൈയിന് കോര്‍ണര്‍. ഫെലൂസോ എടുത്ത കിക്ക് മുംബൈ ഗോളി ഉജ്ജ്വലമായി കുത്തിയകറ്റി രക്ഷപ്പെടുത്തി. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍. എന്നാല്‍ ഫെലൂസോയുടെ ക്രോസുകളും പാസുകളും കണക്ട് ചെയ്യാന്‍ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. 13-ാം മിനിറ്റില്‍ ലഭിച്ച അവസരം ജെജെ നഷ്ടപ്പെടുത്തി. 22-ാം മിനിറ്റില്‍ മുംബൈയുടെ രക്ഷക്ക് വീണ്ടും ഗോളിയെത്തി. ബോക്‌സിന് പുറത്തുനിന്ന് ഫെലൂസോ എടുത്ത ഫ്രീകിക്ക് പ്രതിരോധമതിലിന് മുകളിലൂടെ വലയിലേക്ക് പറന്നിറങ്ങിയെങ്കിലും ഉജ്ജ്വല ഡൈവിങ്ങിലൂടെ ആല്‍ബിനോ ഗോമസ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 35-ാം മിനിറ്റിലാണ് മുംബൈ എതിര്‍ പോസ്റ്റിലേക്ക് ആദ്യ ഷോട്ട് ഉതിര്‍ത്തത്. ബോക്‌സിന് പുറത്തുനിന്ന് സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍ പായിച്ച തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിനെ ചുംബിച്ച് പുറത്ത്. പിന്നീട് 44-ാം മിനിറ്റില്‍ ഫോര്‍ലാന്റെ ഫ്രീകിക്കിന് സോണി നോര്‍ദെ തലവെച്ചെങ്കിലും പന്ത് പുറത്ത്. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.

രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റായപ്പോഴേക്കും ചെന്നൈയിന്‍ ലീഡ് നേടി. പെലൂസോ എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ വലയിലെത്തിച്ചപ്പോള്‍ മുംബൈ ഗോളി നിസ്സഹായനായി. ലീഡ് വഴങ്ങിയതോടെ മുംബൈ മുന്നേറ്റം കനപ്പിച്ചു. തുടര്‍ച്ചയായി അവര്‍ ചെന്നൈയിന്‍ ബോക്‌സില്‍ പന്തെത്തിച്ചു. ഒടുവില്‍ 89-ാം മിനിറ്റില്‍ അവര്‍ കാത്തിരുന്ന നിമിഷം പിറന്നു. സോണി നോര്‍ദെയുടെ പാസ് സ്വീകരിച്ച് 25വാര അകലെനിന്ന് ലിയോ കോസ്റ്റ പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ മുഴുനീളെ പറന്ന ചെന്നൈയിന്‍ ഗോളി നിസ്സഹായനായി (1-1). അടുത്ത കളിയില്‍ ദല്‍ഹിയാണ് ചെന്നൈയിന്റെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.