കോട്ടമല പാറമട: രാമപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

Wednesday 2 November 2016 10:32 pm IST

രാമപുരം: കോട്ടമല പാറമട സമരത്തില്‍ പങ്കെടുത്തവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് രാമപുരം പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. രാമപുരം പഞ്ചായത്തിലെ ഗ്രാമപ്രദേശങ്ങളിലും കടകള്‍ തുറന്നില്ല. കോട്ടമല പാറമട സമരക്കാര്‍ ഒക്ടോബര്‍ 28ന് വില്ലേജ് ഓഫീസില്‍ വച്ച് ആര്‍ഡിഓയെ തടഞ്ഞു എന്നും, വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സമയത്ത് സമരത്തിനിറക്കി എന്നതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍ ജനപ്രതിനിധികളായ ജീനസ്‌നാഥ്, പി.ജെ. മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഡിസിസി ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍ എന്നിവരുള്‍പ്പെടെ 25 പേരെയാണ് റിമാന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ദിനമായ ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടത്തി. കോട്ടമലയില്‍ നിന്നാരംഭിച്ച നാട്ടുകാരുടെ പ്രകടനം രാമപുരം ആറാട്ടുപുഴ പാലത്തിന് സമീപമെത്തിയപ്പോള്‍ രാമപുരം ടൗണില്‍ നിന്നും ആരംഭിച്ച ജനപ്രതിനിധികളും, വ്യാപാരികളും, രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പ്രകടനവും എത്തി. തുടര്‍ന്ന് സംയുക്തമായി പ്രകടനം ടൗണ്‍ ചുറ്റി അമ്പലം ജംങ്ഷനില്‍ എത്തി കുരിശുപള്ളി ജംങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കോട്ടമല സംരക്ഷണ സമിതി കണ്‍വീനര്‍ ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം വി.എ. ജോസ് ഉഴുന്നാലില്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ്, സിപിഐ(എം) രാമപുരം ലോക്കല്‍ സെക്രട്ടറി എം. റ്റി. ജാന്റീഷ്, സിപിഐ നേതാവ് പയസ് രാമപുരം, എന്‍സിപി മണ്ഡലം പ്രസിഡന്റ് എം. ആര്‍. രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ജില്ലാപഞ്ചായത്ത് മെമ്പര്‍ അനിത രാജു, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജനപ്രതിനിധികളായ ടൈറ്റസ് മാത്യു, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടന്‍, ലിസി ബേബി, ജാന്‍സ് ഫിലിപ്പോസ്, ജെമിനി സിന്നി, സോണി ജോണി, അരുണ്‍ ബേബി മേലേട്ട്, സെല്ലി ജോര്‍ജ്ജ് തുടങ്ങിയവരും പരിസ്ഥിതി പ്രവര്‍ത്തകന്‍ മജു പുത്തന്‍കണ്ടം, ജയന്‍ കരുണാകരന്‍, ലിസമ്മ മത്തച്ചന്‍, മോളി പീറ്റര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.