വിത്തില്ല; പുഞ്ചകൃഷി താളം തെറ്റുന്നു

Wednesday 2 November 2016 10:49 pm IST

കോട്ടയം: നെല്‍വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. അപ്പര്‍ കുട്ടനാട്ടിലെ അയ്യായിരത്തില്‍പ്പരം ഏക്കര്‍ പാടശേഖരമാണ് പുഞ്ച കൃഷിക്കായി ഒരുക്കി നെല്‍ വിത്തിനുവേണ്ടി കര്‍ഷകര്‍ കാത്തിരിക്കുന്നത്. ദിവസങ്ങള്‍ വൈകുന്തോറും ഒരുക്കിയ നിലത്ത് കള കയറാനുള്ള സാധ്യതയും ഏറെയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള കര്‍ഷകരാണ് സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഒളിച്ചുകളിക്കുള്ളില്‍ നട്ടംതിരിയുന്നത്. തുലാം പത്തിന് മുമ്പ് വേണം പുഞ്ചകൃഷി ഇറക്കേണ്ടത്. ഇത് ലക്ഷ്യമാക്കി കര്‍ഷകര്‍ കൃഷിഭവനില്‍ നെല്‍ വിത്തിനുവേണ്ടി മുന്‍കൂര്‍ പണമടച്ചു. പക്ഷേ, നെല്‍വിത്ത് മാത്രം ഇതുവരെ ലഭിച്ചില്ല. ഇതോടെ കൃഷി മുടങ്ങി. ഇനി തുലാം 20ന് ശേഷമേ വിതക്കാനാവൂ. എന്നാല്‍ 15 ആയിട്ടും വിത്ത് ലഭ്യമായിട്ടില്ല. വിത്ത് എന്ന് ലഭിക്കുമെന്നുള്ളതിന് യാതൊരുവിധ ഉറപ്പും അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുമില്ല. മെച്ചപ്പെട്ട വിളവ് ലഭ്യമാകുന്നതിനായി നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ വിത്ത് ലഭിക്കാന്‍ കിലോഗ്രാമിന് 32രൂപ വീതം കൃഷിഭവനില്‍ അടച്ച കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. സമയത്ത് വിത്ത് ലഭ്യമാക്കിയില്ലെന്നു മാത്രമല്ല ബദല്‍ ക്രമീകരണം നടത്താന്‍പോലും അധികൃതര്‍ തയാറുമായില്ല. കേരളാ സീഡ്‌സ് 40രൂപയ്ക്ക് വിതരണം ചെയ്യുന്ന വിത്ത് ഗുണനിലവാരം കുറഞ്ഞതാണെന്ന് കൃഷിവികസന സമിതികളില്‍ അഭിപ്രായം ഉയര്‍ന്നതിനാലാണ് നാഷണല്‍ സീഡ്‌സിന്റെ വിത്തിനെ കര്‍ഷകര്‍ ആശ്രയിച്ചത്. ഒരേക്കറിന് 40 കിലോഗ്രാം വിത്താണ് ആവശ്യമായിട്ടുള്ളത്. ഇതിനിടെ കാത്തിരുപ്പ് മടുത്ത് ചില കര്‍ഷകര്‍ കൂടിയ തുക നല്‍കി സ്വകാര്യ വ്യക്തികളില്‍ നിന്ന് വിത്ത് വാങ്ങി വിതച്ചു. ഈ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സബ്‌സിഡികള്‍ ഇതോടെ നഷ്ടമാകാനും സാധ്യതയേറെയാണ്. കൃഷിഭവനുകളില്‍ നിന്നും വിത്ത് വാങ്ങുന്നവര്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ സാധാരണയായി ലഭിച്ചുവരുന്നത്. നാട്ടകം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലായിട്ടുള്ള പാടശേഖരമാണ് പുഞ്ചകൃഷിക്കായി ഒരുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ തന്നെ തിരുവാര്‍പ്പിലെ ഒന്‍പതിനായിരം 'ജെ' ബ്ലോക്കാണ് ഏറ്റവും വലിയ പാടശേഖരം. ഇതിനിടെ തുലാം 20ന് ശേഷം വിതച്ചാല്‍ തണുപ്പ് കൂടി മുഞ്ഞയുടെ ശല്യം ഉണ്ടാകുമോ എന്ന ഭയവും കര്‍ഷരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിനു പുറമെ കാലംതെറ്റിയുള്ള കൃഷിയില്‍ എല്ലായിടത്തും ഒരുമിച്ചാണ് വിതയ്ക്കല്‍ നടക്കുന്നതെങ്കില്‍ വിളവെടുപ്പ് സമയം കൊയ്ത്ത് യന്ത്രങ്ങള്‍ ലഭിക്കാതെ വരുന്ന പ്രതിസന്ധി നിലവിലുള്ളതിലും ഭയാനകമായിരിക്കുമെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടെ മണ്ണിലെ ഉപ്പ്, പുളിപ്പുരസം വര്‍ധിച്ചതിനെ തുടര്‍ന്ന് വിളവെടുപ്പിന് സജ്ജമായ നെല്ല് കരിയുന്ന പ്രതിഭാസവും ഈ മേഖലയില്‍ നടക്കുന്നുണ്ട്. കല്ലറ ഭാഗങ്ങളിലാണ് കരിച്ചില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.