മരട് വൈസ് ചെയര്‍മാന്റെ ഗുണ്ടാ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

Wednesday 2 November 2016 10:52 pm IST

ആന്റണി

കൊച്ചി: ഐഎന്‍ടിയുസി നേതാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതി മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിന്റെ ക്വട്ടേഷന്‍ ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ അബ്ദുള്‍ സലാമുമായി ആന്റണി പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ക്വട്ടേഷന്‍ നേതാവ് ഭായി നസീറിന്റെ സംഘത്തില്‍പ്പെട്ടയാളാണ് സലാം. ആന്‍ണിയും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

അറസ്റ്റിലായ ഭരതന്‍ ഷിജു ഭായി നസീറിന്റെ കൂട്ടാളിയാണ്. ഇയാള്‍ക്ക് കരാര്‍ മാറ്റികൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണിയുടെ നേതൃത്വത്തില്‍ ഷുക്കൂറിനെ മര്‍ദ്ദിച്ചത്. മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2013-ല്‍ നടന്ന സംഭവത്തില്‍ ഷുക്കൂര്‍ അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍ മന്ത്രി കെ.ബാബു ഇടപെട്ട് പരാതി ഒതുക്കുകയായിരുന്നുവെന്ന് ഷുക്കൂര്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന ആന്റണിയെയും കൗണ്‍സിലര്‍ ജിന്‍സന്‍ പീറ്ററെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ അബി, ഭരതന്‍ ഷിജു, അബ്ദുള്‍സലാം, റംഷാദ് എന്നിവരെ റിമാന്റ് ചെയ്തു.

തട്ടിക്കൊണ്ടുപോവുക, നിയമവിരുദ്ധമായി തടവിലാക്കുക, മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ കൊച്ചി സിറ്റി പോലീസ് ആരംഭിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സാണ് ക്വട്ടേഷന്‍ സംഘങ്ങളെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ കേസില്‍ പ്രതിയായ മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ജിന്‍സന്‍ പീറ്റര്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുറത്താക്കല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.