മൊബൈല്‍ ടവറുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

Wednesday 2 November 2016 10:55 pm IST

ബാറ്ററി മോഷണത്തില്‍ പിടിയിലായവര്‍

മാവേലിക്കര: മൊബൈല്‍ ടവറുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന വന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പതിനേഴോളം മൊബൈല്‍ ടവറുകളില്‍ നിന്ന് നാനൂറോളം ബാറ്ററികളാണ് സംഘം മോഷ്ടിച്ചത്.

പത്തിയൂര്‍ കീരിക്കാട് അനീഷ് ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (അച്ചു-20), കീരിക്കാട് ഏവൂര്‍ തെക്ക് വിഷു വിലാസത്തില്‍ വിഷു (22), കീരിക്കാട് അനീഷ് ഭവനത്തില്‍ സനീഷ് (വിഷ്ണു-19), ഏവൂര്‍ തെക്ക് കൊട്ടയ്ക്കാട്ടു മകന്‍ മൈക്കിള്‍ (20), കായംകുളം പത്തിയൂര്‍ വലിയപറമ്പില്‍ ഷമീര്‍ (33) എന്നിവരെയാണ് പിടിച്ചത്.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍ പിള്ള, മാവേലിക്കര സിഐ പി. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ വാടകയ്‌ക്കെടുത്ത് മോഷണത്തിനായി ഉപയോഗിച്ചിരുന്ന അഞ്ച് കാറുകളും കസ്റ്റഡിയിലെടുത്തു.
ഒന്നര ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ നമ്പരുകളും, ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. എന്നാല്‍ മൊബൈല്‍ പരിശോധനകളില്‍ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചും, െജനശ്രദ്ധ കിട്ടാത്ത ടവറുകളില്‍ നിന്നും തെളിവുകളൊന്നും അവശേഷിപ്പിക്കാതെയും രണ്ടു മാസമായി സംഘം മോഷണം തുടര്‍ന്നു.
ഒരു മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളോടൊപ്പം ്രടവര്‍ ടെക്‌നീഷ്യന്റെ മൊബൈലും മോഷ്ടിച്ചു. ഇതിലാണ് ഇവര്‍ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രാമപുരത്തുനിന്നും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണ സംഘത്തെ പിടികൂടി.

മോഷ്ടിക്കുന്ന ബാറ്ററികള്‍ സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്നത് അറസ്റ്റിലായ ഷെമീറാണ്. കായംകുളത്തെ ആക്രി വ്യാപാരിയായ ഇയാള്‍ തുച്ഛമായ തുകയ്ക്ക് ബാറ്ററി വാങ്ങി വന്‍ തുകയ്ക്ക് തമിഴ്‌നാട്ടില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. 32 ലക്ഷത്തോളം രുപയുടെ നഷ്ടമാണ് മൊബൈല്‍ കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. ടാറ്റ, റിലയന്‍സ്, ബിഎസ്എന്‍എല്‍, ഇന്‍ഡസ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളുടെ ടവറുകളാണ് ഇവ.

മൊബൈല്‍ ടവറില്‍ വൈദ്യുതി നിലയ്ക്കുമ്പോള്‍ പ്രവര്‍ത്തിക്കാനാണ് ബാറ്ററി. ബാറ്ററി പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ മോണിറ്ററിങ് സെല്ലില്‍ ടെക്‌നീഷ്യന് അറിയിപ്പ് ലഭിക്കുന്ന സംവിധാനമാണുള്ളത്. പരുമല തിക്കപ്പുഴയില്‍ ഇവര്‍ മോഷണം നടത്തവെ ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ച് എത്തിയ ടെക്‌നീഷ്യനെ സംഘം കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.