ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍

Wednesday 2 November 2016 11:01 pm IST

മരട്: നെട്ടൂര്‍ സ്വദേശി എ.എം. ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് മര്‍ദ്ദിച്ച കേസില്‍ പ്രതികളെ റിമാന്റ് ചെയ്തു. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരെ ഒന്നും, രണ്ടും പ്രതികളാക്കി പതിനഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റു ചെയ്ത നെട്ടൂര്‍ സ്വദേശികളായ നൈമനപ്പറമ്പില്‍ അബി(35), നങ്ങ്യാരത്തു പറമ്പ് ഭരതന്‍ ഷിജു (40), കൊഞ്ച് സലാം എന്ന സലാം, പള്ളുരുത്തി സ്വദേശി റംഷാദ് (35) എന്നീ നാലു പ്രതികളെ ഇന്നലെ മരട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റു ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി സംഘംചേരല്‍, തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. റിമാന്റിലായ നാലു പ്രതികളും കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ എല്ലാവരും തന്നെ മുന്‍പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളവരുമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്നതായിരുന്നു ഇവരുടെ സ്ഥിരം തന്ത്രം. പ്രദേശത്തെ കുപ്രസിദ്ധരായ ചില ഗുണ്ടകളുടെ സംഘാംഗങ്ങളാണ് മരടിലെ തട്ടികൊണ്ടു പോകല്‍ കേസിലെ ഭൂരിഭാഗം പ്രതികളുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മരട് നഗരസഭ വൈസ് ചെയര്‍മാനും, കൗണ്‍സിലറും ഉള്‍പ്പെടെ പതിനൊന്നു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരില്‍നിന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും ഇവരേയും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.