ഷഹ്സാദ്‌ വധം: പാക്‌ സര്‍ക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

Friday 17 June 2011 9:51 pm IST

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സയിദ്‌ സലിം ഷഹ്സാദ്‌ വധക്കേസിന്റെ അന്വേഷണം സ്വതന്ത്ര കമ്മീഷന്‌ വിടണമെന്ന ഹര്‍ജിയെത്തുടര്‍ന്ന്‌ പാക്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നോട്ടീസയച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ കേസന്വേഷണത്തിനായി ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ സുപ്രീംകോടതി കേസിലിടപെട്ടത്‌.
പാക്കിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ്‌ ജേര്‍ണലിസ്റ്റ്‌ (പിഎഫ്‌യുജെ) ആണ്‌ കേസന്വേഷണം സ്വതന്ത്ര കമ്മീഷന്‌ വിടണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തിഖര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ നിയമ, വിവരാവകാശ, ആഭ്യന്തര വകുപ്പുകളിലെ സെക്രട്ടറിമാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസുകള്‍ അയക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മീഷന്‍ ഷഹ്സാദ്‌ വധക്കേസ്‌ അന്വേഷിക്കണമെന്നതാണ്‌ ജേര്‍ണലിസ്റ്റുകളുടെ ആവശ്യം.
കേസന്വേഷണത്തിനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ ജേര്‍ണലിസ്റ്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. ഒരു വന്‍ മാഫിയാ സംഘമാണ്‌ ഷഹ്സാദിന്റെ വധത്തിന്‌ പിന്നിലെന്നും ഇത്തരത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന ഗ്രൂപ്പുകള്‍ക്ക്‌ കടിഞ്ഞാണിടേണ്ടത്‌ ആവശ്യമാണെന്നും ജേര്‍ണലിസ്റ്റ്‌ യൂണിയനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനായ സാഖിബ്‌ നിസാര്‍ വ്യക്തമാക്കി. ഇതോടൊപ്പം ഇതേ കേസിന്റെ നാളിതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ പാക്‌ പഞ്ചാബിലും ഇസ്ലാമബാദിലുമുള്ള പോലീസ്‌ തലവന്മാരോട്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. തന്റെ വീട്ടില്‍നിന്നും ടിവി സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മെയ്‌ 29 ന്‌ കാണാതായ ഷഹ്സാദിന്റെ മൃതദേഹം രണ്ടു ദിവസങ്ങള്‍ക്കുശേഷം (പാക്‌ പഞ്ചാബ്‌ പ്രവശ്യയില്‍നിന്നും) കണ്ടെത്തുകയായിരുന്നു. പാക്കിസ്ഥാന്‍ നാവികസേനയും അല്‍-ഖ്വയ്ദയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഷഹ്സാദിന്റെ വധത്തിന്‌ പിന്നില്‍ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐക്ക്‌ പങ്കുണ്ടെന്നാണ്‌ ജേര്‍ണലിസ്റ്റ്‌ യൂണിയനുകള്‍ ആരോപിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.