മാലിന്യം റോഡില്‍ നിക്ഷേപിച്ച സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നോട്ടീസ്

Thursday 3 November 2016 10:21 am IST

വടകര: കര്‍മ്മ 2016 പദ്ധതിയുടെ ഭാഗമായി വടകരയെ സുന്ദരനഗരമാക്കാനുള്ള പ്രഖ്യാപനം നടന്നതിന് പിറകെ റോഡില്‍ മാലിന്യം നിക്ഷേപിച്ച സ്ഥാപനം താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. വടകര ജില്ലാ ആശുപത്രിക്ക് സമീപം വിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനമാണ് വടകര നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയത്. കടയുടമയില്‍ നിന്ന് 2010 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് വടകര ജില്ലാ ആശുപത്രിക്ക് മുന്‍വശം 4 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. പ്രദേശവാസികള്‍ നഗരസഭ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തെ പറ്റിയുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഉടമയെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും കട താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. വടകര നഗരത്തെ മലിനമാക്കാന്‍ ശ്രമിക്കുന്ന ഇത്തരം വ്യാപാരികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.