തുലാമഴ കനിഞ്ഞില്ലെങ്കില്‍ പാലക്കാട് കുടിവെള്ളം മുടങ്ങും

Thursday 3 November 2016 12:32 pm IST

പാലക്കാട്: തുലാമഴ കനിഞ്ഞില്ലെങ്കില്‍ മലമ്പുഴയില്‍ നിന്നുള്ള കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍. ഡാമിലേക്കുള്ള പ്രധാന ജലസ്രോതസുകളായ ഒന്നാംപുഴ, മായപ്പാറ പുഴ, മയിലാടി പുഴ എന്നിവയിലെല്ലാം മുന്‍ വര്‍ഷത്തേക്കാള്‍ വെള്ളം കുറവാണ്. പാലക്കാട് നഗര പരിധിയിലും മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി, പിരായിരി തുടങ്ങി പഞ്ചായത്തുകളിലേക്കു കുടിവെള്ളമെത്തിക്കുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്. 108.33 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയം 112.31 മീറ്ററായിരുന്നു ജലനിരപ്പ്. 1342.7 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ മലമ്പുഴയില്‍ ലഭിച്ചത്. 34 മീറ്റര്‍ തുലാ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം തുലാമഴ ഉള്‍പ്പെടെ 1547.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഡാമിലേക്കുള്ള ചെറിയ കൈവഴികളും തോടുകളുമെല്ലാം വരണ്ട അവസ്ഥയിലാണ്. വെള്ളം ലഭിക്കാതായതോടെ മലമ്പുഴ ഭാഗത്തെ പലയിടത്തും കൃഷി ഉണക്കു ഭീഷണിയിലാണ്. കാഞ്ഞിരപ്പുഴ, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലംഡാം, പോത്തുണ്ടി തുടങ്ങി ഡാമുകളിലും ജലനിരപ്പു കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു വളരെ കുറവാണ്. അതേസമയം മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരാത്തതിന്റെ പ്രധാന കാരണം ഒന്നാം പുഴയില്‍ നിന്നുള്ള ഒഴുക്കുകുറവാണെന്നാണ് പരാതി. നേരത്തെ ഇതേ പരാതി ഉയര്‍ന്നപ്പോള്‍ അന്നത്തെ ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശിക് ആട്ടുമലയിലെത്തി നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് പുഴയുടെ ഗതിമാറ്റി വെള്ളം കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ മാര്‍ഗം ഇപ്പോഴും തുടരുന്നതായാണു കര്‍ഷകരുടെ ആശങ്ക. അണക്കെട്ടിന്റെ പ്രധാന ജലസ്രോതസ്സായ ഒന്നാംപുഴയുടെ ഗതിമാറ്റി തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ ഭരണകൂടത്തിന്റെ സഹായം വേണമെന്നു ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് വനം വകുപ്പിന്റെ പ്രദേശത്തുകൂടി മാത്രമേ പ്രദേശത്തേക്കൂ പോകാനാകൂ. ഉള്‍വനത്തില്‍ പത്തുകിലോ മീറ്ററിലേറെ ദൂരം സഞ്ചരിച്ചുവേണം ഒന്നാം പുഴയുടെ ഉത്ഭവ സ്ഥാനമായ ആട്ടുമലയിലെത്താന്‍.ഒന്നാം പുഴയുടെ ഉത്ഭവം മുതല്‍ പുഴ മലമ്പുഴ ഡാമില്‍ വന്നുചേരുന്നിടം വരെ പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം സാധ്യമാകൂ. ഇതില്‍ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട് വനംവകുപ്പിന്റെ കീഴിലാണ്. ഈ സാഹചര്യത്തില്‍ അവരുടെ സഹായമില്ലാതെ വനമേഖലയില്‍ പ്രവേശിക്കാന്‍ പോലും സാധ്യമല്ലെന്നു ജലവിഭവവകുപ്പു പറയുന്നു. മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ കര്‍ഷകരാണ് ആട്ടുമലയില്‍ നിന്നു വെള്ളം ഗതിതിരിച്ചുവിടുന്നെന്ന ആശങ്ക ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ പി.മേരിക്കുട്ടി ജലവിഭവവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വസ്തുത പരിശോധിച്ച് വേണ്ടിവന്നാല്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടറുമായി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.