നെല്ലു സംഭരണം വൈകുന്നു കര്‍ഷകര്‍ പ്രതിസന്ധിയില്‍

Thursday 3 November 2016 7:40 pm IST

അമ്പലപ്പുഴ: കരിനിലമേഖലയിലെ നെല്ലെടുക്കാത്തതില്‍ പ്രതിക്ഷേധിച്ച് കര്‍ഷകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കര്‍ഷകര്‍ നെല്‍ ചാക്കുകളുമായി കുടുംബസമേതം പുറക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പുറക്കാട് കര്‍ഷകസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഇല്ലിച്ചിറ, കൃഷിത്തോട്ടം, നാലുചിറ വടക്ക് തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയായതോടെ 13,500 ക്വിന്റല്‍ നെല്ലാണ് സംഭരണം തടസ്സപ്പെട്ടതോടെ പാടത്ത് കെട്ടിക്കിടക്കുന്നത്. തുലാമഴ ശക്തമായാല്‍ ഈ നെല്ലു മുഴുവന്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതുകൂടാതെ ഗ്രേസിങ് ബ്ലോക്ക്, കൊച്ചു പുത്തന്‍കരി, മലയില്‍ത്തോട്, തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്ത്താരംഭിച്ചു. ഈ പാടശേഖരങ്ങളിലെ കൊയ്ത്തു കൂടി പൂര്‍ത്തിയാകുന്നതോടെ പതിനായിരം ക്വിന്റല്‍ നെല്ല് കൂടി വീണ്ടും പാടശേഖരത്തുണ്ടാകും. കരിനിലമേഖലയിലെ രണ്ടു പാടശേഖരങ്ങളില്‍ ഇലപ്പുള്ളി രോഗം ബാധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ മില്ലുടമകള്‍ മറ്റു പാടശേഖരങ്ങളില്‍ നിന്നും നെല്ലെടുക്കാത്തത്. ലക്ഷക്കണക്കിനു രൂപയുടെ നെല്ല് പാടത്തു കെട്ടിക്കിടന്നിട്ടും മില്ലുടമകളെ കൊണ്ട് നെല്ലെടുപ്പിക്കുന്നതില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ത്തെങ്കിലും സ്ഥലത്തുണ്ടായിട്ടും കളക്ടര്‍ ഇതില്‍ പങ്കെടുത്തില്ല. 16 മില്ലുടമകള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ മൂന്ന് മില്ലുടമകള്‍ മാത്രമാണ് പങ്കെടുത്തത്. അടിയന്തരമായി സംഭരണം നടന്നില്ലെങ്കില്‍ നെല്ല് മഴയില്‍ നശിക്കും. ഇപ്പോള്‍ പെയ്യുന്ന മഴയില്‍ നെല്ല് കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ നെല്ലു ചാക്കുകളുമായി തിങ്കളാഴ്ച ദേശീയ പാത ഉപരോധസമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.