നെല്ലു സംഭരണം ഇന്ന് തുടങ്ങുമെന്ന് അധികൃതര്‍

Thursday 3 November 2016 7:41 pm IST

ആലപ്പുഴ: പുറക്കാട് കരിനില മേഖലയിലെ നെല്ല് സംഭരണം ഇന്ന് തുടങ്ങും. ഇത് സംബന്ധിച്ച് ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. നാലുചിറ വടക്ക്, നാലുചിറ വടക്ക് പടിഞ്ഞാറ്, കൃഷിത്തോട്ടം, ഇല്ലച്ചിറ, ഗ്രേസിങ്ങ് ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 468 ഹെക്ടര്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് സംഭരിക്കാമെന്ന് മില്ലുടമകള്‍ സമ്മതിച്ചു. 100 കിലോ നെല്ലെടുക്കുമ്പോള്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം 68 കിലോ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. ഇതില്‍ കുറവ് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മില്ലുടമകള്‍ കരിനിലങ്ങളിലെ നെല്ല് എടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മില്ലുടമകളുമായി കര്‍ഷകര്‍ ഒത്തുതീര്‍പ്പിലെത്തിയ ഇടങ്ങളില്‍ ഇന്നുതന്നെ സംഭരണം തുടങ്ങുമെന്ന് മില്ലുടകള്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസമുള്ള മില്ലുടമകളുമായി സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് സപ്ലൈകോ (ജിഎസ്) മാനേജര്‍ വിഭുകുമാര്‍ പറഞ്ഞു. സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഉദ്യോഗസ്ഥന്‍ കൂടാതെ ഓരോ പാടശേഖരത്തും അഗ്രികള്‍ച്ചര്‍ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പാടശേഖരം സെക്രട്ടറിമാര്‍ എന്നിവരുടെ മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടുത്ത വര്‍ഷം മുതല്‍ പുറക്കാട് കരിനിലത്തില്‍ കൃഷിയിലെ നഷ്ടത്തിന്റെ ശതമാനം നോക്കി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദൂള്‍ കരീം, പുറക്കാട് കൃഷി ഓഫീസര്‍ സി.എസ്. അജിത്ത്കുമാര്‍, ജില്ല സപ്ലൈ ഓഫീസര്‍ ഐ. ഹൂസൈന്‍, കര്‍ഷകപ്രതിനിധികള്‍, മില്ലുടകള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.