ശബരിമല തീര്‍ത്ഥാടനം ഒരുക്കങ്ങള്‍ നടപ്പായില്ല

Thursday 3 November 2016 9:03 pm IST

ചെങ്ങന്നൂര്‍: വൃശ്ചികം പിറക്കാന്‍ ഇനി 11 നാള്‍. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെയെത്തി ദര്‍ശനത്തിനായി പോകുന്നത്. ശബരിമലയിലേക്ക് ഏറ്റവും അടുത്ത റയില്‍വെ സ്‌റ്റേഷന്‍, പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, ചെങ്ങന്നൂര്‍ മഹാദേവര്‍ക്ഷേത്രം എന്നിവ കണക്കിലെടുത്ത് ശബരിമലയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന പേരുമാത്രമാണ് ഇന്ന് ചെങ്ങന്നൂരിനുള്ളത്. തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഭരണകര്‍ത്താക്കള്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തന്നു വരുത്തിത്തീര്‍ക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ശബരിമല അവലോകനയോഗം ചേര്‍ന്നത് ഒക്ടോബര്‍ 21നാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു നടന്നത്. ഇതിലെ പ്രധാന തീരുമാനങ്ങളില്‍ ചിലത് മാത്രമായിരുന്നു ഇവ: നഗരത്തില്‍ ഇലക്ട്രോണിക് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കുക, ഇതിനായി നിരീക്ഷണ ക്യാമറസ്ഥാപിക്കുക, കുടിവെള്ളത്തിനായി 21 ടാപ്പുകള്‍ സ്ഥാപിക്കുക, നഗരസഭയില്‍ ശുചീകരണത്തിനായി 25 താല്കാലിക ശുചീകരണ തൊഴിലാളികള്‍, ഓട്ടോ- ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുക, നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക, മഹാദേവക്ഷേത്രത്തിന് സമീപം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ പതിന്നാല് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ തീര്‍ത്ഥാടനം ആരംഭിച്ചാല്‍ പോലും മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഒരുക്കങ്ങള്‍ എല്ലാം ആരംഭിക്കുമ്പോഴേക്കും തീര്‍ത്ഥാടനകാലം അവസാനിച്ചിരിക്കും. ശബരിമല വില്ലേജ് റോഡിന്റെ അറ്റകുറ്റപ്പണി ഇതുവരെ നടത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന റോഡാണിത്. മഹാദേവക്ഷേത്രത്തിന് മുന്‍പില്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. റെയില്‍വെ സ്‌റ്റേഷന് സമീപം ഷൈനി എബ്രഹാം റോഡില്‍ ഓട വൃത്തിയാക്കാന്‍ ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ഓടയുടെ മുകളിലെ സ്ലാബ് ഇളക്കി റോഡില്‍ ഇട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രയും പ്രയാസമാണ്. റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍ യാത്രക്കാര്‍ കൂടുതര്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നഗരത്തില്‍ ക്യാമറകള്‍ സഥാപിക്കുകയോ ഓട്ടോ- ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ഹോട്ടലുകളിലെ വിലനിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം വിളിച്ചു ചേര്‍ക്കുകയോ ചെയ്തിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളത്തിനും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ ഒന്നും ആരംഭിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.