ചര്‍ച്ചക്കുള്ള സര്‍ക്കാര്‍ ആവശ്യം മാവോയിസ്റ്റുകള്‍ തള്ളി

Wednesday 4 April 2012 10:44 pm IST

ഭുവനേശ്വര്‍: ബിജെഡി എംഎല്‍എ ജിന ഹികാകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏപ്രില്‍ അഞ്ചിന്റെ അന്ത്യശാസനം മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം മാവോയിസ്റ്റുകള്‍ തള്ളി. വിഷയത്തില്‍ പരസ്പരം ചര്‍ച്ചയാവാമെന്നതും അവര്‍ അംഗീകരിച്ചില്ല. ഹികാകയെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ പറഞ്ഞു. എംഎല്‍എയെ വിട്ടുകിട്ടുന്നതിനുവേണ്ടി ജയിലില്‍ കഴിയുന്ന ചില തീവ്രവാദികളെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പട്നായിക്‌ സൂചിപ്പിച്ചു. ചര്‍ച്ചക്ക്‌ തയ്യാറാകണമെന്ന്‌ മാവോയിസ്റ്റുകളോട്‌ അപേക്ഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചര്‍ച്ചക്ക്‌ തയ്യാറല്ലെന്നറിയിച്ചുകൊണ്ട്‌ തീവ്രവാദികളുടെ സന്ദേശം ലഭിച്ചതായി പട്നായിക്‌ നിയമസഭയില്‍ പറഞ്ഞു. ഇതിനിടെ താന്‍ സുരക്ഷിതനാണെന്നും ജയിലിലടച്ച തീവ്രവാദികളെ എത്രയും പെട്ടെന്ന്‌ വിട്ടയക്കുകയാണെങ്കില്‍ തന്നെ ഉപദ്രവിക്കാതെ വിട്ടയക്കുമെന്നും ചൂണ്ടിക്കാട്ടി ഹികാക എഴുതിയതെന്ന്‌ കരുതുന്ന ഒരു കത്ത്‌ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നല്‍കി. താനൊരു ഗോത്രവര്‍ഗക്കാരനായതുകൊണ്ട്‌ എന്റെ ജീവന്‍ സംരക്ഷിക്കാനാവശ്യമായ ഗൗരവമായ നടപടികളെടുക്കുന്നില്ല. ഹികാകയെ രക്ഷപ്പെടുത്താനാവശ്യമായത്‌ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനാകില്ലെന്നും എഴുത്തില്‍ പറയുന്നു. ഇതിനിടെ, ഇറ്റാലിയന്‍ പൗരനായ പൗളോ ബൊസസ്കോയെ രക്ഷപ്പെടുത്താനാവശ്യമായ നടപടികളെടുത്തില്ലെങ്കില്‍ അദ്ദേഹത്തെ വധിക്കുമെന്ന്‌ മാവോയിസ്റ്റ്‌ നേതാവ്‌ സവ്യസാചി പാണ്ഡെ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും നടപടികളുണ്ടെങ്കില്‍ തങ്ങളും സഹകരിക്കുമെന്ന്‌ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തണുപ്പന്‍ നടപടികളാണെടുക്കുന്നത്‌. അതോടൊപ്പംതന്നെ തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്‌. എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കില്‍ അതിന്‌ സര്‍ക്കാര്‍ മാത്രമാണ്‌ കാരണക്കാരെന്നും പാണ്ഡെ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.