പക്ഷിപ്പനി മുന്നറിയിപ്പ്

Friday 4 November 2016 10:13 am IST

സമുദ്രനിരപ്പില്‍നിന്ന് 2.5 മീറ്റര്‍വരെ താഴ്ന്ന പ്രദേശമായ കുട്ടനാട് കിഴക്കിന്റെ വെനീസ് എന്ന പേരിലാണറിയപ്പെടുന്നത്. ലോവര്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട്, വൈക്കം കരി, വടക്കന്‍ കുട്ടനാട്, പുറക്കാട്ട് കരി, ഓണാട്ടുകര എന്നിങ്ങനെ കുട്ടനാടിന്റെ പല പ്രദേശങ്ങള്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചിലാര്‍, പെരിയാര്‍ എന്നീ നദികളിലെ വെള്ളമാണ് വേമ്പനാട് കായലിനെ ജലസമൃദ്ധമാക്കുന്നത്. കുട്ടനാടിനെ കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്നു. കായല്‍ “3.5 അടിയോളം നികത്തി പുറബണ്ട് പിടിച്ച് കായലിലെ വെള്ളം വറ്റിച്ചാണ് കൃഷിചെയ്യുന്നത്. ജലഗതാഗതമായിരുന്ന കുട്ടനാടിന്റെ സവിശേഷത മൃഗസംരക്ഷണം, മത്സ്യബന്ധനം, താറാവ് കൃഷി എന്നിവ കാര്‍ഷികാനുബന്ധ തൊഴിലായി കുട്ടനാട്ടില്‍ നിലനില്‍ക്കുന്നു. വളരെ സവിശേഷമായ ആവാസവ്യവസ്ഥയാണ് കുട്ടനാടിനു ഉള്ളത്. മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ് ഇന്ന് കുട്ടനാട് അഭിമുഖീകരിക്കുന്നത്. പ്രകൃതിരമണീയമായ കുട്ടനാട് ഇന്ന് ഗൗരവപൂര്‍വമായ പാരിസ്ഥിതികാഘാതം നേരിടുന്നു. കുട്ടനാട് ഇന്ന് ലോകപൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വെള്ളപ്പൊക്കവും കടലില്‍നിന്ന് ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശവുമാണ് കുട്ടനാട് ഒരുകാലത്ത് അഭിമുഖീകരിച്ച പ്രശ്‌നമെങ്കില്‍ ഇന്ന് ജലമലിനീകരണവും പാരിസ്ഥിതികാഘാതംമൂലവുമുള്ള മാരകരോഗങ്ങളാണ് കുട്ടനാടിനെ തുറിച്ച് നോക്കുന്നത്. കുട്ടനാടിനുവേണ്ടി പല വികസന റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ട്. 1951ലെ വൈദ്യനാഥന്റെ വേമ്പാട് (വേമ്പനാട് സ്‌കീം) 1971ല്‍ സി.കെ. തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ട്, 1980ല്‍ എം.കെ. നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 1982ല്‍ ജനാര്‍ദ്ദനന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, കുട്ടനാടിന്റെ കാര്‍ഷികപാരമ്പര്യവും ആവാസവ്യവസ്ഥയും വീണ്ടെടുക്കുന്നതിനുള്ള ഡോ. സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച കുട്ടനാട് പാക്കേജ്. 1951ല്‍ സ്‌പെഷ്യല്‍ എഞ്ചിനീയറായിരുന്ന പി.എച്ച്.വൈദ്യനാഥനും തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തെ ചീഫ് എഞ്ചിനീയറായിരുന്ന കെ.കെ. കര്‍ത്തായും ചേര്‍ന്ന് സമര്‍പ്പിച്ച വേമ്പനാട് പദ്ധതിയില്‍ പ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

  • കുട്ടനാടിനെ വെള്ളപ്പൊക്ക ഭീഷണിയില്‍നിന്നു രക്ഷിക്കുക.
  • വേലിയേറ്റവും വേലിയിറക്കവുംകൊണ്ട് കുട്ടനാട്ടിലുണ്ടാകുന്ന കെടുതികള്‍ കുറയ്ക്കുക.
  • കുട്ടനാട്ടിലെ ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കുക.
  • ഉപ്പ് വെള്ളത്തിന്റെ വരവ് തടഞ്ഞ് വയലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൃഷി ചെയ്യാവുന്നവിധത്തിലാക്കുക.
  • വേമ്പനാട്ട് കായലില്‍നിന്ന് 4300 ഹെക്ടര്‍ സ്ഥലംകൂടി കൃഷിയോഗ്യമാക്കുക.
ഇതിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പിള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും, ആലപ്പുഴ-ചങ്ങനാശേരി റോഡും പണിതത്. കുട്ടനാട്ടിലെത്തുന്ന പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ നദികളില്‍നിന്നും, കുട്ടനാട്ടിലെത്തുന്ന വെള്ളം വേമ്പനാട് കായലില്‍നിന്നും ഒരു തോടുണ്ടാക്കി അറബിക്കടലിലേക്ക് ഒഴുക്കികളയുന്നതിനാണ് തോട്ടപ്പള്ളി സ്പില്‍വേ 1955ല്‍ നിര്‍മ്മിച്ചത്. കണക്ക് കൂട്ടിയതിന്റെ മൂന്നിലൊന്നു വെള്ളം മാത്രമേ ഒഴുക്കികളയാന്‍ കഴിയൂ. സ്പില്‍വേക്ക് അടുത്തുള്ള വെള്ളം ഒഴുക്കിക്കളയാന്‍ കഴിഞ്ഞുവെങ്കിലും കുട്ടനാട്ടിലെ പ്രളയജലം നിയന്ത്രിക്കുന്നതില്‍ ഈ പദ്ധതി പരാജയപ്പെട്ടു. വേനല്‍ക്കാലത്ത് നദികളിലെ ഒഴുക്കു കുറയുമ്പോള്‍ വേലിയേറ്റത്തില്‍ കടലിലെ ഉപ്പുവെള്ളം കായലിലേയ്ക്ക് തള്ളിക്കയറി ഓര് മൂലം കുട്ടനാട്ടിലെ നെല്‍കൃഷി നശിച്ചുപോകുന്നത് തടയാനാണ് കായലിന് കുറുകെ കൂറ്റന്‍ ബണ്ട് നിര്‍മ്മിച്ചത്. തണ്ണീര്‍മുക്കം ബണ്ട് ഒട്ടേറെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ബണ്ട് അടച്ചിടുമ്പോള്‍ വേലിയേറ്റവും വേലിയിറക്കവും തടയപ്പെട്ടു. ഇതുമൂലം വെള്ളത്തിന്റെ പ്രവാഹം നിലച്ചു. ഓര് വെള്ളം കയറിയുള്ള പ്രകൃതിയുടെ സ്വാഭാവിക ശുദ്ധീകരണം നിലച്ചു. കായലും തോടുകളും മലിനീകരിക്കുകയും പായലും പോളയും വളര്‍ന്നു ജലഗതാഗതം നിലച്ചു. ഓര് വെള്ളം കയറാത്തത് മൂലവും മലിനജലമായതിനാലും മത്സ്യസമ്പത്ത് പകുതി യായി കുറഞ്ഞു. കക്കയുടെ പ്രജനനവും കുറഞ്ഞു. രാസവള കീടനാശിനി പ്രയോഗംമൂലം ഭൂമിയുടെ ഉര്‍വ്വരത നഷ്ടപ്പെട്ടു. കിഴക്ക് മലയോരങ്ങളില്‍ ഏലം, തേയില എന്നിവയ്ക്ക് തളിക്കുന്ന മാരക കീടനാശിനികളും ഉപയോഗിക്കുന്ന രാസവളങ്ങളും നദികളിലൂടെ കുട്ടനാട്ടില്‍ ഒഴുകിയെത്തുന്നു. കൂടാതെ ഫാക്ടറികളില്‍നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, അറവുശാലയിലെ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, കക്കൂസ് മാലിന്യങ്ങള്‍ തുടങ്ങി പുഴയിലൊഴുക്കുന്ന എല്ലാ മാലിന്യങ്ങളും കുട്ടനാട്ടിലാണ് എത്തിച്ചേരുന്നത്. ടൂറിസം ആരംഭിച്ചതോടെ മൂവായിരത്തോളം ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായലിലൂടെ സഞ്ചരിക്കുന്നു. ടൂറിസ്റ്റ് ബോട്ടുകളില്‍നിന്നുള്ള ഓയില്‍ 0.1മില്ലിമീറ്റര്‍ ഘനത്തില്‍ വെള്ളത്തിന് മുകളില്‍ പാടപോലെ കിടക്കുന്നു. ബോട്ടുകളില്‍നിന്നു പ്ലാസ്റ്റിക് പാത്രങ്ങള്‍, ഗ്ലാസുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ കായലിലേക്ക് വലിച്ചെറിയുന്നു. കുട്ടനാട്ടില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡുകളും പാലങ്ങളും യാത്രാസൗകര്യം വര്‍ദ്ധിപ്പിച്ചുവെങ്കിലും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു. ഒഴുക്ക് നിലച്ച ജലത്തില്‍ പായലും പോളയും വളര്‍ന്നു. കൊതുകിന്റെയും മറ്റ് മാരകരോഗാണുക്കളുടെയും ആവാസകേന്ദ്രമാണ് ഇന്ന് കുട്ടനാട്. ജലമലിനീകരണവും പരിസ്ഥിതിമലിനീകരണവും മൂലം കുട്ടനാട്ടില്‍ ക്യാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. എലിപ്പനി, വൈറല്‍പ്പനി, ഡങ്കിപ്പനി തുടങ്ങിയ മാരകരോഗങ്ങളും കുട്ടനാട്ടില്‍ വര്‍ദ്ധിക്കുന്നു. താറാവുകളുടെ കൂട്ടമരണം പ്രകൃതിയുടെ മുന്നറിയിപ്പാണ്. ജലമലിനീകരണംമൂലമാണ് താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത്. പലപ്പോഴും മത്സ്യങ്ങളും ചത്ത് പൊങ്ങാറുണ്ട്. 105 ഇനം മത്സ്യങ്ങളുണ്ടായിരുന്ന കുട്ടനാട്ടില്‍ ഇപ്പോള്‍ 75 ഇനങ്ങളേയുള്ളൂ. 30 ഇനം മത്സ്യങ്ങളും വംശനാശം നേരിട്ടുകഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് എച്ച്1എന്‍1 പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങി. പനി മനുഷ്യരിലേക്കും പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ എച്ച്5എന്‍8 പനിയാണ്. പക്ഷിപ്പനി സമീപ ജില്ലകളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. കോട്ടയം ജില്ലയിലെ കുമരകത്തും അയ്മനത്തുമുള്ള താറാവുകള്‍ക്കും രോഗം ബാധിച്ചിരിക്കുന്നു. ആയിരക്കണക്കിന് താറാവുകള്‍ നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ നട്ടെല്ലാണ് ഒടിയുന്നത്. പലരും കടക്കെണിയില്‍ അകപ്പെടുന്നു. പലരുടേയും വരുമാനം നിലച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു. അവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക തുച്ഛമായ സംഖ്യയാണ്. അര്‍ഹമായ നഷ്ടപരിഹാരതുക കൊടുക്കണം. പക്ഷേ പ്രശ്‌നം അതുകൊണ്ടും അവസാനിക്കില്ല, രോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ കുട്ടനാട്ടിലെ ജലമലിനീകരണത്തിലാണ് പരിഹാരം കണ്ടെത്തേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.