ഏകാന്തതയില്‍ ദൈവം നിറയും

Friday 4 November 2016 11:31 am IST

അധ്യായം/33, ഭക്തി 1. ഭക്തി ദൈവത്തോടുള്ള തീക്ഷ്ണ പ്രേമം ആത്മീയ സന്ദര്‍ഭങ്ങളില്‍, ദൈവത്തോടുള്ള, ദൈവത്തോടുമാത്രമുള്ള അപാരമായ പ്രേമമാണ് ഭക്തി. ഭൗതിക ഗുണമുണ്ടാകാന്‍ വേണ്ടി കാട്ടുന്ന പ്രേമം, ഭക്തിയല്ല. ഒരു 'ദൈവ'ത്തെ ആരാധിക്കുന്നത്, എപ്പോഴും ഭൗതിക ഗുണത്തിനാണ്; അതിനാല്‍, അത്, ഒരഭിലാഷം സാധ്യമാക്കാനുള്ള അനുഷ്ഠാനം മാത്രമാണ്. അത് ഭക്തന് ഫലമുണ്ടാക്കിയേക്കാം, പക്ഷേ, ഭക്തി അല്ല. ശ്രീ ശങ്കരാചാര്യര്‍ ഇതിന് ഒരപവാദം വിവരിച്ചിട്ടുണ്ട്: സര്‍വവ്യാപിയായ ദൈവത്തിന്റെ പ്രതിനിധിയായി ഒരു ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍, അത് ആ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതീതിയുള്ള പ്രാര്‍ത്ഥനയായിത്തീരും. അത് അപ്പോള്‍ ദൈവരൂപത്തില്‍ സാക്ഷാല്‍ ദൈവത്തെ സങ്കല്‍പിച്ച് പ്രാര്‍ത്ഥിക്കലാണ്: വിഷ്ണു, ശിവബിംബങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവയില്‍ ആരാധിക്കുമ്പോള്‍ പലപ്പോഴും ഇതാണ് സംഭവിക്കുന്നത്. മറിച്ച്, സാക്ഷാല്‍ ദൈവത്തോട് കാര്യസാധ്യത്തിനായുള്ള പ്രാര്‍ത്ഥന, ദൈവ(രൂപ)ത്തോടുള്ള പ്രാര്‍ത്ഥനപോലെയേയുള്ളൂ. അത് ദൈവപ്രേമം കൊണ്ടല്ല, അഭിലാഷം അര്‍പിക്കാനുള്ള ചടങ്ങുമാത്രമാണ്. അത് ദൈവവിശ്വാസം കൊണ്ടാകാം; എന്നാല്‍, അവനോടുള്ള ഭക്തി അല്ല. ദൈവത്തോടുള്ള കല്‍പ്പില്ലാത്ത പരിശുദ്ധ പ്രേമമാണ് ഭക്തി. ഭൗതിക പ്രേമം ഒരാത്മാവിനെ മറ്റൊന്നിനോടു ബന്ധിക്കുംപോലെ, ഭക്തി ഒരാത്മാവിനെ ദൈവത്തോടു ബന്ധിപ്പിക്കുന്നു. ഒരു സംയോഗത്തിന്, പ്രേമം ഒരാളെ ഇഷ്ടപ്പെട്ടയാളോട് അടുപ്പിച്ചുകൊണ്ടുവരുന്നു. പ്രിയപ്പെട്ടയാള്‍ കാഴ്ചയില്‍ ഇല്ലെങ്കില്‍, അയാളെപ്പറ്റി മറ്റേയാള്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കും. അയാള്‍ അടുത്തെത്താനുള്ള വഴിയും ആലോചിക്കും. ഭക്തിയില്‍ ദൈവത്തോടുള്ള അടുപ്പവും ഇങ്ങനെയാണ്. ഭക്തന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോള്‍ പോലും, ദൈവവിചാരത്തിലായിരിക്കും. 2. പ്രേമം ഭൗതികനേട്ടം ആഗ്രഹിക്കില്ല പരിശുദ്ധ പ്രേമത്തിന്റെ സവിശേഷ ഗുണം, അതില്‍നിന്ന് ഭൗതികനേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. പ്രിയപ്പെട്ടയാളോട് മനസ്സിനെയും ആത്മാവിനെയും അടുപ്പിക്കുന്ന വികാരമാണ്, അത്. അതിന്റെ ഉദ്ദീപനം പ്രിയപ്പെട്ടയാള്‍ക്ക് സേവ ചെയ്യാനുള്ളതാണ്, ആ ആളില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യാനല്ല. വെറും സാധാരണ കാമുകന്‍/കാമുകിപോലും, പ്രിയപ്പെട്ടയാളില്‍നിന്നുള്ള ഏത് പാരിതോഷികവും അപരനെ ആഹ്ലാദത്തിലാറാടിക്കും; എന്നാല്‍ അതിനായി ഇച്ഛിക്കില്ല. ദൈവത്തോടുള്ള പ്രേമവും ഇങ്ങനെയാണ്. ഭക്തികൊണ്ട് ഒരു നേട്ടവും യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കില്ല. ഭക്തന്‍ എത്ര കഷ്ടപ്പാടിലാണെങ്കിലും, ഭൗതികനേട്ടത്തിനായി അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍, അയാളുടെ സമീപനം ഭക്തി അല്ല. ഭക്തന്‍ ദൈവത്തോടുള്ള കീര്‍ത്തനങ്ങള്‍ പാടുകയേയുള്ളൂ. തന്റെ ഏറ്റവും മഹത്തായ ആദര്‍ശമായി ദൈവത്തെ കണ്ട് ദൈവത്തെ പ്രകീര്‍ത്തിക്കുകയും ആരാധിക്കുകയുമാണ് ഭക്തന്‍ ചെയ്യുക. തനിക്കുവേണ്ടി ദൈവം ജോലി ചെയ്യാനും നേട്ടങ്ങള്‍ നല്‍കാനും അയാള്‍ ആഗ്രഹിക്കില്ല. 3. ഭക്തി ആരാധനയുണ്ടാക്കുന്നു ഒരു കാമുകന്/കാമുകിക്ക് ഇഷ്ടനുമായി ബന്ധപ്പെട്ട എന്തും ആരാധിക്കാനുള്ളതാണ്. ആത്മീയ പ്രേമിക്കും ഇതുതന്നെയാണ് നില. ക്ഷേത്രങ്ങള്‍, വിശുദ്ധസ്ഥലങ്ങള്‍, പുരോഹിതര്‍, മതഗുരുക്കന്മാര്‍ എന്നിവരോടു കാട്ടുന്ന സാധാരണ ആദരവ്, ദൈവത്തോടുള്ള പ്രേമം മനുഷ്യരിലേക്കും ദൈവവുമായി ബന്ധപ്പെട്ടവയോടും നീട്ടിയതിന്റെ പ്രത്യക്ഷങ്ങളാണ്. എല്ലാ മതത്തിലെയും വേദഗ്രന്ഥങ്ങളോടുള്ള ആദരവും ദൈവാരാധനയുടെ പ്രത്യക്ഷമാണ്. ദൈവാരാധന പൂര്‍ണമായെന്ന് ഒരു ഭക്തന്‍ ഒരിക്കലും ധരിക്കില്ല. 4. ഭക്തി ആരാധനയും പ്രകീര്‍ത്തനവും സൃഷ്ടിക്കുന്നു ഭക്തി അടുപ്പമുണ്ടാക്കുന്നു; അടുപ്പം ബന്ധവും വിനിമയവും പ്രിയപ്പെട്ട ദൈവത്തോട് ഉണ്ടാക്കുന്നു. ആരാധനാ കര്‍മങ്ങള്‍ ദൈവത്തോടുള്ള സാധാരണ പ്രതീകാത്മക ബന്ധങ്ങളാണ്. കീര്‍ത്തനങ്ങളും ആത്മീയ വിചാരങ്ങളും ദൈവത്തോടുള്ള സാധാരണ വിനിമയമാണ് (ഭഗവദ്ഗീത 9:14,15). 5. ദൈവ സങ്കല്‍പത്തില്‍ കേവല ആഹ്ലാദം ഒരു കടുത്ത ഭക്തന്‍ മറ്റൊരു വിചാരവുമില്ലാതെ ദൈവത്തെപ്പറ്റി സംസാരിക്കുമ്പോഴോ കീര്‍ത്തനം ചൊല്ലുമ്പോഴോ, അയാളുടെ ആത്മാവ് അതിയായി പ്രചോദിപ്പിക്കപ്പെടുകയും, കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുക്കുകയും, ശരീരത്തില്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ചെയ്യും. ഈ ഹര്‍ഷോന്മാദത്തില്‍, ഭക്തന്‍ സ്ഥലംതന്നെ മറന്ന് നൃത്തം വച്ചേക്കാം. ബൃഹദാരണ്യക ഉപനിഷത് (4:3:21) പറയുന്നു: പ്രിയപ്പെട്ട ഭാര്യ ആശ്ലേഷിച്ച ഒരാള്‍ പുറത്തോ അകത്തോ ഒന്നുമറിയുന്നില്ല. ഒരു പ്രേമകര്‍മത്തില്‍ മുഴുകിയ ആളുടെ അവസ്ഥയാണ് ഇത്. ദൈവപ്രേമത്തില്‍ മുഴുകിയ ഭക്തനും, ഇങ്ങനെ എല്ലാം മറന്ന് ദൈവകീര്‍ത്തനം ചെയ്ത് വികാരപ്രകടനം കാട്ടുന്നു. ഭക്തി വികസിക്കുമ്പോള്‍, ഭൗതിക സുഖങ്ങള്‍ക്കുള്ള ഭ്രമം കുറഞ്ഞുവരികയും, ദൈവസ്മൃതിയിലും ആരാധനയിലും ആഹ്ലാദം കണ്ടെത്തുകയും ചെയ്യും. 6. തീക്ഷ്ണപ്രേമം കടുത്ത ഭക്തിയാകുന്നു പരിശുദ്ധ പ്രേമം എപ്പോഴും ഒരു വസ്തുവില്‍ ലയിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആ ലയം പ്രേമത്തെ തീക്ഷ്ണമാക്കുന്നു. പ്രേമത്തിലേക്ക് നിരവധി വസ്തുക്കളെ കൊണ്ടുവന്നാല്‍, പ്രേമം വീതിച്ചു നല്‍കലാകും. അത് ആ വികാരത്തെ ദുര്‍ബലമാക്കും. ശ്രീരാമനോട് ഭക്തിയുണ്ടായിരുന്ന ഹനുമാന്‍ ഒരിക്കല്‍ പറഞ്ഞു: ശ്രീകൃഷ്ണനും ശ്രീരാമനും ഒരേ ദൈവത്തിന്റെ പ്രത്യക്ഷങ്ങളായിരിക്കാം; എന്നാല്‍ എന്റെ രാമന്‍ ഒന്നുവേറെ തന്നെ. അതിനാല്‍, കൃഷ്ണനു മുന്നില്‍ നമസ്‌കരിച്ചപ്പോള്‍, ഹനുമാന്‍ ആ സ്ഥാനത്ത് രാമനെ സങ്കല്‍പിക്കുകയും രാമനു മുന്നിലാണ് നമസ്‌കരിക്കുന്നതെന്ന് വിചാരിക്കുകയും ചെയ്തു. അത് ഒറ്റവഴിക്കുള്ള ഭക്തിപ്രകടനമായിരുന്നു. ഇത്തരം സമീപനം ഭക്തിയില്‍ സ്ഥിരതയും തുടര്‍ച്ചയും ഏകാഗ്രതയുമുണ്ടാക്കും. ആരാധിക്കുന്ന സ്ഥലമേതായാലും ഒരു തീക്ഷ്ണ ഭക്തന്‍, എല്ലാ ആരാധനയിലും ഒരു രൂപം മാത്രം സങ്കല്‍പിക്കും. അങ്ങനെ അയാളുടെ ഭക്തി ഏകമാര്‍ഗത്തിലാവുകയും അയാള്‍ സങ്കല്‍പിച്ച രൂപം 'ഇഷ്ടദേവത'യാവുകയും ചെയ്യുന്നു. ദൈവത്തെ പല രൂപത്തില്‍ സങ്കല്‍പിച്ചാല്‍, മനസ്സ് പല രൂപങ്ങളാല്‍ ചഞ്ചലമാകും. സങ്കല്‍പത്തില്‍ സ്ഥിരരൂപമുണ്ടാവുകയും ആ രൂപത്തില്‍ മാത്രം ആരാധിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലെ ദൈവരൂപം, കാലം ചെല്ലുന്തോറും കൂടുതല്‍ കൃത്യതയുള്ളതാകും. താമസിയാതെ ഭക്തന്‍ ദൈവവിചാരത്തില്‍ കണ്ണടക്കുമ്പോള്‍, ആ രൂപം അതീവ കൃത്യതയോടെ മനസ്സില്‍ ദര്‍ശനംകൊള്ളുന്ന അവസ്ഥയുണ്ടാകുന്നു. ആ ദര്‍ശനത്തില്‍ അയാള്‍ ഉദാത്തമായ ആഹ്ലാദം അനുഭവിക്കുന്നു. ദൈവത്തെ പ്രതിനിധീകരിച്ച് മറ്റൊരു പ്രതിഷ്ഠയുള്ള വേറൊരിടത്തു ചെന്നാല്‍, ആ രൂപത്തിന്റെ സ്ഥാനത്ത് ഭക്തന്‍ മനസ്സിലെ രൂപം സങ്കല്‍പിച്ച് ആ സങ്കല്‍പരൂപത്തിന് ആരാധന നടത്തും. ഇത് രൂപത്തില്‍നിന്ന് രൂപത്തിലേക്കുള്ള മനസ്സിന്റെ പറിച്ചുനടല്‍ ഒഴിവാക്കി, പ്രാര്‍ത്ഥനാ ശീലത്തെ ദൃഢമാക്കും. തുടര്‍ച്ചയായുള്ള പറിച്ചുനടല്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കില്ല. അതുപോലെ, ദൈവത്തെ സംബന്ധിച്ച മനസിലെ സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍ ഭക്തിയുടെ ഏകാഗ്രതയ്ക്കും സഹായമാവില്ല. സ്ഥിരതയും തുടര്‍ച്ചയും ഏകമാര്‍ഗഭക്തിയിലുണ്ടായാലേ, ദൈവഭക്തി തീക്ഷ്ണമാകൂ. 7. തീര്‍ത്ഥാടനം ആഹ്ലാദകരമാകാം ഒരു തീര്‍ത്ഥാടക കേന്ദ്രത്തിന്റെ അഭയസ്ഥാനാന്തരീക്ഷം, ദൈവവിചാരങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമജപങ്ങള്‍ എന്നിവയുടെ സൂക്ഷ്മതരംഗങ്ങളാല്‍ മുഖരിതമായിരിക്കും. കുറ്റകൃത്യം നടന്ന് മൂന്നോ നാലോ ദിവസം (ഒരാഴ്ചയുമാകാം) കഴിഞ്ഞ് പോലീസ് നായ്ക്കള്‍ പ്രതിയെ കണ്ടെത്തുന്നത്, പ്രതി പോയ വഴിയില്‍ അയാളുടെ ഗന്ധത്തിന്റെ സൂക്ഷ്മതരംഗങ്ങള്‍ ഉണ്ടായിരുന്നതിന് തെളിവാണ്. തീര്‍ത്ഥാടകരുടെ വിചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സൂക്ഷ്മതരംഗങ്ങള്‍ കുറെക്കൂടി സൂക്ഷ്മവും തീക്ഷ്ണവുമാണ്. തീര്‍ത്ഥാടകര്‍ തിങ്ങി ഹൃദയംനിറഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ അവ കുറെക്കാലം നിലനില്‍ക്കും. ആ സ്ഥലത്തെത്തുന്ന ഭക്തന് ആ തരംഗങ്ങളുടെ സാത്വിക പ്രചോദനം അനുഭവിക്കാന്‍ കഴിയും. ആ സ്ഥലത്തിന്റെ പവിത്രതയാണ് അത്; അവിടം ഉദ്ദീപിപ്പിക്കുന്ന ആത്മീയ ശക്തി. അവിടത്തെ പ്രചോദനം ഭക്തന്‍ പിടിച്ചെടുത്ത്, പതിവ് ധ്യാനത്തിലെ ദൈവം അവിടത്തെ അതിവിശുദ്ധ രൂപത്തിലുണ്ടെന്ന് സങ്കല്‍പിച്ചാല്‍, അത് അയാളുടെ ഭക്തിക്ക്, നല്ല ആത്മീയശക്തി പകരും. അതിനാല്‍, എല്ലാ മതത്തിലും തീര്‍ത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഏത് ആരാധനാലയവും ഭക്തനു സന്ദര്‍ശിക്കാം-ക്ഷേത്രം, പള്ളി, മുസ്ലിം, ജൂത പള്ളികള്‍ ഒക്കെയാകാം. ഏകമാര്‍ഗ ഭക്തി ആചരിക്കാം. ദൈവം ഒന്നാണ്, എല്ലായിടത്തുമുണ്ട്. ആ സ്ഥലത്തെ ആലയത്തിന്റെ രൂപമോ ദൈവനാമമോ എന്തുമാകട്ടെ, സാരമില്ല. സര്‍വവ്യാപിയായ ദൈവത്തെയാണ് കുമ്പിടുന്നത്. ദൈവസ്മൃതിയാണ് പ്രധാനം. താന്‍ ഓര്‍ക്കുന്നവിധം അത് ചെയ്യുന്നതാണ് ഉത്തമം. ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ് ശീലം; അതിനാല്‍ ശീലംകൊണ്ട് സങ്കല്‍പിക്കുന്ന ദൈവരൂപമാണ് അയാള്‍ക്ക് ദൈവത്തിന്റെ സ്വാഭാവിക രൂപം. ആ രൂപത്തെ തീര്‍ത്ഥാടക കേന്ദ്രത്തിലെ രൂപത്തില്‍ സ്ഥാനത്തു സങ്കല്‍പിക്കാന്‍ എളുപ്പമായിരിക്കും. അങ്ങനെ സങ്കല്‍പിച്ച്, പുതിയ സ്ഥലത്ത് ആരാധന നടത്തുന്നത് അയാളുടെ ദൈവസ്മൃതിയെ ഉറപ്പിക്കും. സമ്മേളിതരായവരുടെ ദൈവ ചിന്തകളുടെയും കീര്‍ത്തനങ്ങളുടെയും സൂക്ഷ്മ തരംഗങ്ങള്‍ ഉയരുന്നതിനാല്‍, സമൂഹ പ്രാര്‍ത്ഥനയ്ക്ക് അതിന്റേതായ മേന്മയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.