ഭൂമിയുടെ കാന്തിക കവചത്തില്‍ വിള്ളല്‍

Friday 4 November 2016 11:10 am IST

മുംബൈ: ഭൂമിയുടെ കാന്തിക കവചത്തില്‍ താത്ക്കാലിക വിള്ളലുണ്ടെന്ന് ഭാരത ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മുബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഊട്ടിയിലെ ഗ്രേപ്‌സ് 3 എന്ന മ്യുവോണ്‍ ദൂരദര്‍ശിനിയാണ് ഭൂമി നേരിടുന്ന പുതിയ ഭീഷണി കണ്ടെത്തിയത്. ലോകത്തേറ്റവും വലിയ, ഏറ്റവുമധികം സംവേദനക്ഷതയുള്ള, പ്രകാശത്തിന്റെവേഗതയില്‍ ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ആണവ രശ്മികള്‍ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണിത്. വലിയ ഊര്‍ജ്ജം വഹിക്കുന്ന ഇത്തരം രശ്മികളുടെ പൊട്ടിത്തെറി കണ്ടതാണ് വിള്ളലുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചത്. സൂര്യന്റെ പ്രഭാവലയത്തില്‍ നിന്ന് പുറംതള്ളപ്പെട്ട ഒരു വലിയ പ്‌ളാസ്മ മേഘം അതിവേഗത്തില്‍ ഭൂമിയില്‍ വന്നിടിക്കുകയും അത് ഭൂമിയുടെ കാന്തികമണ്ഡലം വന്‍തോതില്‍ ചുരുക്കുകയും ഇതുമൂലം അതിശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് രൂപപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആണവരശ്മികളുടെ വിസ്‌ഫോടനവും ഉണ്ടായത്. രണ്ടു മണിക്കൂര്‍ നീണ്ട വിസ്‌ഫോടനമാണ് ഊട്ടിയിലെ ദൂരദര്‍ശിനി കണ്ടെത്തിയത്. ഭൂമിയുടെ കാന്തിക കവചം ഇടിയേറ്റ് ചുരുങ്ങിയതോടെയുണ്ടായ കൊടുങ്കാറ്റില്‍ ധ്രുവദീപ്തി (വര്‍ണ്ണാഭമായ പ്രകാശസഞ്ചയം അഥവാ അറോറ ബോറിയാലിസ്) ഉണ്ടായി. പല രാജ്യങ്ങളിലും റേഡിയോ സിഗ്‌നലുകള്‍ ലഭിക്കാതായി. ഭൂമിയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന് 18 മുതല്‍ 23 ഡിഗ്രിവരെ അകലെയുള്ള ഉപരിയന്തരീക്ഷ മേഖലകളില്‍ രാത്രിയുടെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തി പ്രസരമാണ് ധ്രുവദീപ്തി. പച്ച അഥവാ ചുവപ്പുനിറം. ഭൂമിക്കു ചുറ്റും അദൃശ്യമായി പത്തു ലക്ഷം കിലോമീറ്റര്‍ ആരത്തില്‍( റേഡിയസ്) വ്യാപിച്ചു കിടക്കുന്ന കാന്തിക കവചമാണ് ഭൂമിയുടെ ആദ്യ പ്രതിരോധ കവചം. ആണവരശ്മികളും വികിരണങ്ങളും കടുത്ത സൂര്യരശ്മികളും എല്ലാം തടഞ്ഞു നിര്‍ത്തുന്നത് ഈ കവചമാണ്. അല്ലെങ്കില്‍ ജീവജാലങ്ങള്‍ നശിച്ചേനേ. രശ്മികള്‍ ആ വിള്ളലിലൂടെ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നപ്പോഴാണ് ദൂരദര്‍ശിനിയില്‍ ദൃശ്യമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.