തുളസീദാസന്‍പിള്ള വധക്കേസ്: പ്രതികളെ വെറുതെ വിട്ടു

Friday 4 November 2016 12:26 am IST

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം ചാഞ്ഞോടി ലീലാഭവനില്‍ തുളസീദാസന്‍ പിള്ളയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെയുള്ള പ്രതികളെ കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി പി. രാഗിണി വെറുതെ വിട്ടു. അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധംമൂലം ബിസിനസ്സുകാരനായ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ ലീലാമണി കൈവശപ്പെടുത്തിയെന്നായിരുന്നു കേസ്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലീലാമണി, ചങ്ങനാശേരി ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് കരടിക്കുഴി പുത്തന്‍ വീട്ടില്‍ ഷെമീര്‍, ആന്താംപറമ്പില്‍ വീട്ടില്‍ നാസര്‍, ചങ്ങനാശേരി മന്ദിരം വെള്ളൂക്കുന്ന് തെക്കനാല്‍ നിരപ്പേല്‍ പ്രസാദ്, ചങ്ങനാശേരി ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് വീട്ടില്‍ നജീബ്, പായിപ്പാട് നാലുകോടി അമ്പിത്താഴേ വീട്ടില്‍ സത്യ.പി, ചങ്ങനാശേരി പുതുപ്പറമ്പില്‍ വീട്ടില്‍ സിനോജ് എന്നിവരെയാണ് വിട്ടയച്ചത്. കൊലപ്പെടുത്താന്‍ ലീലാമണി ചങ്ങനാശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു കേസ്. കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിന് രാത്രി എട്ടരയോടെ ചങ്ങനാശേരി-മല്ലപ്പള്ളി റോഡില്‍ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന തുളസീദാസന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൃത്യത്തില്‍ പങ്കാളികളായിരുന്ന കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ വീട്ടില്‍ ബൈജുവിനേയും ചങ്ങനാശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കിയിരുന്നു. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബോബന്‍ റ്റി.തെക്കേല്‍, സി.എസ് അജയന്‍, റോയിസ് ചിറയില്‍, ഗോപാലകൃഷ്ണകുറുപ്പ്, സോജന്‍ പവിയാനോസ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അഡ്വ.ബോബന്‍ റ്റി.തെക്കേല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.