ഇടുക്കിയില്‍ സിപിഎം- സിപിഐ പോര്

Friday 4 November 2016 12:47 am IST

  ഇടുക്കി: എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് എം.എം. മണിക്ക് നല്‍കിയിട്ടുണ്ടോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. ഇ. ചന്ദ്രശേഖരനും, വി എസ്. സുനില്‍കുമാറിനുമെതിരെ എല്‍ഡിഎഫിന്റെ ശത്രുക്കള്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ. മണ്ടത്തരത്തിന് അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അത് കിട്ടുക എം.എം. മണിക്കും ഇ.പി. ജയരാജനുമാണ്. കാര്‍ഷിക പരിഷ്‌ക്കരണം നടപ്പാക്കാന്‍ നേതൃത്വം നല്‍കിയത് സിപിഐയാണ്. മര്യാദയില്ലാത്ത വര്‍ത്തമാനം പറയാന്‍ മണിക്ക് ഒരു മടിയുമില്ല. ഇടുക്കിയില്‍ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കാന്‍ തുടങ്ങിയതും, പതിനായിരക്കണക്കിന് ആളുകള്‍ക്ക് പട്ടയം നല്‍കിയതും സിപിഐ മന്ത്രിയായിരുന്ന കെ.ടി. ജേക്കബ്ബാണ്. അന്ന് ഇത് അട്ടിമറിക്കാനാണ് മണിയുടെ പാര്‍ട്ടി ശ്രമിച്ചത്. രണ്ട് മന്ത്രിമാരെ കുറിച്ചുള്ള പരാമര്‍ശം മുന്നണിയേയും സര്‍ക്കാരിനേയും ബാധിക്കും. മന്ത്രിമാരെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയേയോ മുന്നണി നേതാക്കളേയോ അറിയിക്കുകയാണ് ചെയ്യേണ്ടത്. എം.എം. മണി കുറച്ച് കാലങ്ങളായി വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന സ്ഥിതിയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫ് തീരുമാനങ്ങളും നയങ്ങളുമാണ് സിപിഐ മന്ത്രിമാര്‍ നടപ്പാക്കുന്നത്. അതൊന്നും വ്യക്തിപരമല്ല. മണി സംസാരിക്കുന്നത് കയ്യേറ്റക്കാരേയും ക്വാറി ഉടമകളെയും സഹായിക്കാനാണ്. കുടിയേറ്റ കര്‍ഷകരേയും ക്വാറി മാഫിയയേയും വേര്‍തിരിച്ച് കാണാന്‍ എം.എം. മണി തയ്യാറാകണമെന്നും കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.