യുകെയിലും ഇനി കാവടിച്ചിന്ത്

Friday 4 November 2016 7:31 pm IST

കേരളത്തില്‍ പ്രധാന മുരുക ക്ഷേത്രങ്ങളില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി കാവടിയാട്ടത്തിന്റെ നാളുകള്‍ എത്തവേ യുകെയിലും മുരുക പ്രഭാവം വിളിച്ചറിയിച്ചു കവന്‍ട്രി ഹിന്ദു സമാജം ആഘോഷത്തിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്ന ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്ന ഭജന്‍ സത്സംഗത്തില്‍ മുരുക കീര്‍ത്തനങ്ങളും കഥയും വേല്‍മുരുകന്റെ അവതാര ലക്ഷ്യവും ഒക്കെ അവതരിപ്പിക്കും. കൂടാതെ കുരുന്നുകള്‍ മുരുകനെയും കാവടിയാട്ടത്തെയും നിറങ്ങളില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരാഘോഷം തന്നെയാകുമെന്ന് പ്രധാന കോര്‍ഡിനേറ്റര്‍ അനില്‍ പിള്ള അറിയിച്ചു . യുകെ യില്‍ തന്നെ മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. കേരളത്തില്‍ നിരവധി മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്ന കാവടി മഹോത്സവവും സ്‌കന്ദ ഷഷ്ഠി വ്രതവും ഏറെ പ്രധാനമാണ്. ഹൈന്ദവ ചടങ്ങുകളും ആചാരങ്ങളും അന്യം നില്‍ക്കാതെ പുതു തലമുറയ്ക്ക് പകരുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷം സ്‌കന്ദ ഷഷ്ഠി നാളില്‍ തന്നെ സംഘടിപ്പിക്കുന്നത്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും പരിചയപ്പെടുത്തുന്ന കഥാസദസ്സില്‍ ഇത്തവണ കഥയുമായി എത്തുന്നത് സുഭാഷ് നായരാണ്. മുതിര്‍ന്നവര്‍ കണ്ടെത്തുന്ന കഥകളില്‍ നിന്നുള്ള ജീവിത പാഠം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് കഥാ സദസ്സില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളെ കൊണ്ട് കഥ പറയിക്കുന്ന രീതിയും ഈ മാസം മുതല്‍ ആരംഭിക്കുകയാണ്. ആദ്യ കഥ ആദിത്യ ശ്രീ അവതരിപ്പിക്കും. ഇതോടൊപ്പം ഈ മാസം മുതല്‍ കുട്ടികളുടെ നേത്രത്വത്തില്‍ ഓംകാരം ജപിച്ചു മനസിനെ ശാന്തമാക്കി ഏകാഗ്രത ശീലിപ്പിച്ച്, സമൂഹ കീര്‍ത്തനം ചൊല്ലിപ്പിക്കുന്ന രീതിയും നടപ്പാക്കുകയാണ്. സ്‌കന്ദ ഷഷ്ഠിയുടെ പ്രാധാന്യം വക്തമാക്കുന്ന തരത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ചിത്ര രചന മത്സരത്തില്‍ സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ ആയ ദിവ്യ സുഭാഷ് അറിയിച്ചു. മുരുകനും കാര്‍ത്തികേയനും സുബ്രഹ്മണ്യനും വേലായുധനും ഒക്കെയായി പുരാണകളില്‍ നിറയുന്ന ശിവ സുതനെ കുട്ടികളെ പരിചയപ്പെടുത്താന്‍ കാവടിയും മുരുകനും എന്ന ആശയമാണ് ചിത്ര രചനയ്ക്ക് നല്‍കിയിരിക്കുന്നത്. ദേവ സേനയുടെ സൈന്യാധിപന്‍ ആയി അറിയപ്പെടുന്ന മുരുകന്‍ ആറു ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ അസുരനായ സുരപദ്മനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് സ്‌കന്ദ ഷഷ്ഠി ആഘോഷം. ഇതിനായി ആറു ദിവസം വ്രതം എടുത്താണ് ഭക്തര്‍ സ്‌കന്ദ ഷഷ്ഠി ആഘോഷിക്കുന്നത് . സ്‌കന്ദ ഷഷ്ഠി വ്രതം എടുക്കുന്നവര്‍ക്ക് സകല സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നു പുരാണം പറയുന്നു. ദീപാവലി നാളിനു തൊട്ടു പിറ്റേന്നാണ് വ്രതം ആരംഭിക്കുന്നത്. ദീപാവലി നാളിനു ശേഷമുള്ള അമാവാസി ( കറുത്ത വാവ് ) ദിവസം മുരുകന്‍ യുദ്ധം ആരംഭിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് സ്‌കന്ദ ഷഷ്ഠി വ്രതം. മതപരമായ കൂട്ടായ്മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് . കുട്ടികള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട് . ഏകദേശം അമ്പതോളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നത്. കവന്‍ട്രി , നനീട്ടന്‍ , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ, ലെസ്റ്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യത്മിക ചിന്തയ്ക്ക് അടിത്തറ നല്‍കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.