കൃഷിയാഫീസറെ കര്‍ഷകര്‍ ഉപരോധിച്ചു

Friday 4 November 2016 9:24 pm IST

നെല്ലുസംഭരണത്തില്‍ വിവേചനമെന്ന് ആരോപിച്ച് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തിലെ
നെല്‍കര്‍ഷകര്‍ കൃഷി ഓഫീസറെ ഉപരോധിക്കുന്നു

അമ്പലപ്പുഴ: നെല്ലുസംഭരണത്തില്‍ രാഷ്ട്രീയ വിവേചനം. കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തിലെ കര്‍ഷകര്‍ കൃഷി ഓഫീസറെ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ അമ്പലപ്പുഴ വടക്കുപഞ്ചായത്തിലെ കൃഷിഭവന്‍ ഓഫീസിലാണ് നാട്ടുകാര്‍ ഉപരോധം സംഘടിപ്പിച്ചത്.
നിലവില്‍ സിപിഎം ഭരിക്കുന്ന പാടശേഖരങ്ങളിലെ മുഞ്ഞരോഗം ബാധിച്ച നെല്ല് കിഴിവില്ലാതെ സപ്ലൈകോയ്ക്ക് വേണ്ടി മില്ലുകാര്‍ എടുത്തിട്ടും മുഞ്ഞരോഗം ബാധിക്കാതെ നൂറുമേനി വിളവു നല്‍കിയ പാടങ്ങളിലെ നെല്ല് കെട്ടിക്കിടക്കുകയാണ്. 241 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടുകോണം പാടശേഖരത്ത് 11 ദിവസമായി കൊയ്തുകൂട്ടിയ 64 ലോഡ് നെല്ലാണ് ഏറ്റെടുക്കാന്‍ ആളില്ലാതെ കിടക്കുന്നത്.
ഇതിനെതിരെ പാഡി ഓഫീസറെ കണ്ട് പരാതി നല്‍കിയിട്ടും മില്ലുടമകള്‍ കര്‍ഷകരില്‍ നിന്നും വന്‍ കിഴിവ് ആവശ്യപ്പെട്ട് കൊള്ളയടിക്കാനാണ് ശ്രമം നടത്തിയത്. കഴിഞ്ഞദിവസം കൈനകരിയില്‍ അളക്കാന്‍ കള്ളത്രാസ് എത്തിച്ചത് കര്‍ഷകര്‍ കണ്ടെത്തി പിടിച്ചിരുന്നു. ഇതേനയമാണ് ഇവിടെയും മില്ലുടമകളും ഏജന്റുമാരും ആവര്‍ത്തിക്കുന്നത്.
ഇതിനെതിരെയാണ് ഇന്നലെ പാടശേഖരം കമ്മറ്റി പ്രസിഡന്റും ബിജെപി ഗ്രാമപഞ്ചായത്തംഗവുമായ സി. പ്രദീപ്, സെക്രട്ടറി സി. സമേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃഷിയാഫീസര്‍ പാഡി ഓഫീസറെ സംഭവസ്ഥലത്ത് വരുത്തി മില്ലുടമകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഒരു കിലോ കിഴിവും ജലാംശം കൂടുന്നതനുസരിച്ച് അധികമായി ഒരുകിലോ കിഴിവും ഈടാക്കാമെന്ന മില്ലുടമകളുടെ ആവശ്യം കര്‍ഷകര്‍അംഗീകരിച്ചതോടെ വൈകിട്ട് അഞ്ചുമണിയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
മില്ലുടമകളുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇന്നു മുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കിയ സി. പ്രദീപ് പറഞ്ഞു. കര്‍ഷകരുടെ ഉപരോധ സമരത്തിന് പിന്തുണ അര്‍പ്പിച്ച് ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ബിജു സാരംഗി എന്നിവര്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.