പഴകിയ ഭക്ഷണം പിടിച്ചെടുത്തു; നഗരത്തിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

Friday 4 November 2016 9:35 pm IST

തിരുവല്ല: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഇനം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമുളള ഭക്ഷ്യോല്പ്പന്നങ്ങള്‍ പിടികൂടിയത്. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എലൈറ്റ് കോന്‍ഡിനെന്റല്‍, മാതാ ഹോട്ടല്‍, സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ തോംസണ്‍ ഫുഡ്‌കോര്‍ട്ട് എന്നീ ഹോട്ടലകളില്‍ നിന്നാണ് വിവിധ ഇനം ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്. വറുത്ത ചിക്കന്‍, ചിക്കന്‍ കറി, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, കരിമീന്‍ വറുത്തത്, മീന്‍ പൊരിച്ചത്, മീന്‍ കറി, പാതി പാകം ചെയ്ത മട്ടണ്‍, പുഴുങ്ങിയ മുട്ട, ഫ്രൈഡ്‌റൈസ്, പാകം ചെയ്ത ബിരിയാണി, കൊഞ്ച് മപ്പാസ്, പഴകിയ ചോറ്, ന്യൂഡില്‍സ്, പഴകിയ എണ്ണ, പൊറോട്ട ഉണ്ടാക്കുന്നതിനായി കൂഴച്ച പഴകിയ മാവ് തുടങ്ങിയവയാണ് മൂന്ന് ഹോട്ടലുകളിലെ ഫ്രീസറുകളിലും അടുക്കളയില്‍ നിന്നുമായി കണ്ടെത്തിയത്. ടി.കെ റോഡിലെ അഞ്ജലി ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരാണെന്നും റെയ്ഡില്‍ കണ്ടെത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന 9 മണിയോടെ അവസാനിച്ചു. പരിശോധന നടക്കുന്ന വിവരം മറ്റ് ഹോട്ടല്‍ ഉടമകള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത് റെയ്ഡിന് തിരിച്ചടിയാകുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡില്‍ പിടികൂടപ്പെട്ട ഹോട്ടല്‍ ഉടമകള്‍ക്ക് പിഴ ചുമത്തുമെന്നും വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, കാന്റീനുകള്‍ എന്നിവ കേന്ദ്രീകരിച്ചുളള പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് എ.കെ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.അനില്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറന്മാരായ ജി. അനില്‍ കുമാര്‍, മോഹനന്‍, കെ.ആര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.