എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന് ;ചരിത്രത്തിലേക്ക് ബെംഗളൂരു

Friday 4 November 2016 9:54 pm IST

ദോഹ: ചരിത്രത്തിനും ബെംഗളൂരു എഫ്‌സിക്കുമിടയില്‍ അകലം ഒരു ജയം മാത്രം. ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെ മേല്‍വിലാസമെഴുതാന്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്നു രാത്രി ഇറാഖിലെ അല്‍ ഖുവ അല്‍ ജവായിയെ നേരിടും ബെംഗളൂരു. ഇറാഖി എയര്‍ഫോഴ്‌സ് ടീമെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഏഷ്യയിലെ രണ്ടാം നിര ക്ലബ് ടൂര്‍ണമെന്റ് എഎഫ്‌സി കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. ഫൈനല്‍ പ്രവേശനം ബെംഗളൂരൂവിന് മറ്റൊരു നേട്ടം കൂടി സമ്മാനിച്ചു. ഒന്നാംനിര ടൂര്‍ണമെന്റ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് പ്രവേശനം. ദോഹയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് ബെംഗളൂരുവിന്. സെമിയില്‍ മലേഷ്യന്‍ ടീം ജോഹര്‍ ദാറുള്‍ താസിമിനെ ആധികാരികമായി കീഴടക്കിയെത്തുന്നു ടീം. സ്പാനിഷ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ തന്ത്രജ്ഞതയും പരിശീലന മികവും ബെംഗളൂരുവിനെ കരുത്തരാക്കുന്നു. ഏതു പ്രതിരോധത്തെയും പിച്ചിച്ചീന്തി ലക്ഷ്യം കാണുന്ന നായകന്‍ സുനില്‍ ഛേത്രിയാണ് ടീമിന്റെ ശക്തി. രണ്ട് മലയാളി താരങ്ങളുണ്ട് ടീമില്‍. പ്രതിരോധത്തിലെ കരുത്തന്‍ തൃശൂര്‍ സ്വദേശി റിനൊ ആന്റൊ, മധ്യനിരയിലെ ഊര്‍ജ്ജസ്വലന്‍ കണ്ണൂരില്‍ നിന്നുള്ള സി.കെ. വിനീത്. ഇറാഖി ടീമിനെ എഴുതിത്തള്ളാനാകില്ല. ക്ലബ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ടീമാണ് അല്‍ ഖുവ. ഇറാഖില്‍ കളിക്കാനാകാത്തതിനാല്‍ ദോഹയിലെ സുഹെയിം ബിന്‍ ഹമ്മദ് സ്റ്റേഡിയം അവരുടെ മൈതാനം. മുന്നേറ്റത്തിലെ ഹമ്മദി അഹമ്മദാണ് സൂപ്പര്‍ താരം. 15 കളികളില്‍ പത്തു ഗോള്‍ നേടി ഇദ്ദേഹം. അംജദ് രാധി, ഇരുപതു വയസുള്ള മധ്യനിരക്കാരന്‍ ഹുമാമം താരിഖ് എന്നിവരും ശ്രദ്ധിക്കേണ്ട താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.